നിപ്മറില്‍ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ :3.6 കോടി രൂപയുടെ പദ്ധതി അംഗീകാരം

നിപ്മറില്‍ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ :3.6 കോടി രൂപയുടെ പദ്ധതി അംഗീകാരം

ഇരിങ്ങാലക്കുട: ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍

(നിപ്മര്‍) വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കുന്നു. കല്ലേറ്റുംകരയിലെ 4.25 ഏക്കറിലുളള നിപ്മര്‍ കാമ്പസിലാണ് പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി താമസസൗകര്യത്തിനായി കെട്ടിടം പണിയുന്നത്.

 

സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ, ബാച്ചിലര്‍ ഓഫ് ഒക്യൂപേഷണല്‍ തെറാപ്പി എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന 110 വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുമുളള താമസ സൗകര്യമാണ് ഒരുക്കുന്നത്. പദ്ധതിക്കായി സാമൂഹ്യനീതി വകുപ്പില്‍ നിന്ന് 3.6 കോടി രൂപയുടെ അംഗീകാരം ലഭിച്ചു.

 

12300 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് നാല് നില കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി 34 ഓളം മുറികള്‍ കെട്ടിടത്തില്‍ സജ്ജമാക്കും. മഴവെള്ള സംഭരണം, ഗ്രിഡ് ബന്ധിപ്പിച്ച സോളാര്‍ സിസ്റ്റം, ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കോസ്റ്റ് ഫോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. രണ്ട് വര്‍ഷത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

 

പ്രതിദിനം ശരാശരി 300 രോഗികള്‍ക്കാണ് നിപ്മര്‍ ചികിത്സ നല്‍കുന്നത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, സുഷുമ്നാ നാഡിക്ക് പരിക്കുകള്‍ എന്നിവയ്ക്കുളള പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 120 ഓളം ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്ന വിവിധ വിഭാഗങ്ങളും നിപ്മറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Please follow and like us: