ആറ് ഇനം പുതിയ ചിലന്തികളുമായി  ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം…

ആറ് ഇനം പുതിയ ചിലന്തികളുമായി

ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം…

ഇരിങ്ങാലക്കുട: മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ആറ്ഇനം ചിലന്തികളെ കണ്ടെത്തിയത്.

പരപ്പൻ ചിലന്തി (Selenopidae) കുടുംബത്തിൽ വരുന്ന സയാംസ്‌പൈനൊപ്സ് ഗാരോയെൻസിസ്‌ (Siamspinops garoensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മല നിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. വളരെ പരന്ന ശരീരമുള്ള ഇവ പാറയിടുക്കുകളിലും മറ്റും കാണുന്ന വിടവുകളിൽ ആണ് ജീവിക്കുന്നത്. മഞ്ഞ കലർന്ന തവിട്ടു നിറത്തോടുകൂടിയ ഇവയുടെ നീളം ഏകദേശം 10 മില്ലിമീറ്റർ ആണ്. കണ്ണിനു ചുറ്റും, ഉദരത്തിലും ആയി കാണുന്ന കറുത്ത പാടുകളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇണ ചേർന്നതിനു ശേഷം വെള്ള നിറത്തിലുള്ള മുട്ട സഞ്ചി ഉണ്ടാക്കി അടയിരിക്കുന്നതും ഇവയുടെ പ്രതേകതയാണ്. ഈ ജനുസ്സിൽ വരുന്ന ചിലന്തിയെ ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നും കണ്ടെത്തുന്നത്.

ചാട്ട ചിലന്തി (Salticidae) കുടുംബത്തിൽ വരുന്ന അഫ്രഫ്ലാസില്ല മിയജ് ലാരെൻസിസ്‌ (Afraflacilla miajlarensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഥാർ മരുഭൂമിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഏകദേശം 4 മില്ലിമീറ്റർ നീളമുള്ള ഈ ചിലന്തി ഉണക്ക പുൽനാമ്പുകൾക്കിടയിലാണ് ജീവിക്കുന്നത്. ഇരുണ്ട ശിരസ്സിലുള്ള വെളുത്ത രോമങ്ങളും ഉദരത്തിലുള്ള കറുത്ത പാടുകളുമാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇതേ ജനുസ്സിൽ വരുന്ന പുതിയ ഇനം ചിലന്തിയെ ആണ് വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്ചിയാട് വനത്തിൽ നിന്നും കണ്ടെത്തിയത്. അഫ്രഫ്ലാസില്ല കുറിച്ചിയാഡെൻസിസ് (Afraflacilla kurichiadensis) എന്ന നാമകരണം ചെയ്ത ഇവ ഇലപൊഴിയും കാടുകളിലാണ് കാണപ്പെടുന്നത്. ഇവയുടെ കണ്ണുകൾക്കു ചുറ്റും ചുവന്ന വട്ടങ്ങളും ഉദരത്തിൽ വെളുത്ത രോമങ്ങളും കാണാം. ആദ്യ ജോഡി കാലുകളിലെ മുഴകളും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.

കോതമംഗലം വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറ മലനിരകളിൽ നിന്നാണ് തൂവൽ കാലൻ ചിലന്തി (Uloboridae) കുടുംബത്തിൽ വരുന്ന ഫിലോപോണെല്ല റോസ്ട്രലിസ് (Philoponella rostralis) എന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ആൺചിലന്തിയുടെ പ്രതുല്പാദനഅവയവത്തിൽ കിളിചുണ്ടുപോലുള്ള ഭാഗം കാണുന്നതുകൊണ്ടാണ് ഈ ചിലന്തിക്ക് ഇങ്ങിനെ പേര് നല്കിയിരിക്കുന്നത്. ഏകദേശം 4 മില്ലിമീറ്റർ മാത്രം നീളമുള്ള ഇവ ഇലകൾക്കടിയിലായി വട്ടത്തിലുള്ള വലനെയ്തു ഒളിച്ചിരിക്കുകയാണ് ചെയുന്നത്. വിഷ ഗ്രന്ഥിയില്ലാത്ത ഈ ചിലന്തി പ്രതേകതരം നൂലുപയോഗിച്ചാണ് ഇരയെ കീഴ്പെടുത്തുന്നത്.

തുമ്പൂർമുഴി ശലഭഉദ്യാനം, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് മുള്ളൻ കാലൻ ചിലന്തി (Oxyopidae) കുടുംബത്തിൽ വരുന്ന രണ്ടിനം പുതിയ ചിലന്തികളെ കണ്ടെത്തിയത്. മഞ്ഞ കലർന്ന ശരീരത്തോടു കൂടിയ ഓക്സ്യോപസ് പീതം (Oxyopes peetham), വെളുത്ത ഉദരത്തിൽ സുവർണ്ണ നിറത്തിലുള്ള വരകളോടു കൂടിയ ഓക്സ്യോപസ് തുമ്പൂർമുഴിയെൻസിസ്‌ (Oxyopes thumboormuzhiensis)

 

എന്നിവയാണ് ഈ വിഭാഗത്തിൽ പുതിയതായി കണ്ടു പിടിച്ചു നാമകരണം ചെയ്തിരിക്കുന്നത്. വല കെട്ടാത്ത ഇവ കാട്ടുപൂച്ചയെപോലെ ചാടിവീണു ഇരപിടിക്കുന്നതു കൊണ്ട് കാട്ടുപൂച്ചചിലന്തി (Lynx spider) എന്നും ഇവയെ വിളിക്കുന്നു.

ദേശിയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും, കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതികൌൺസിൽന്റെയും സാമ്പത്തിക സഹായത്തോടെ ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സുധികുമാർ എ.വി. യുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഗേവഷണ വിദ്യാർത്ഥികളായ ഋഷികേശ് ബാലകൃഷ്ണ ത്രിപാദി, സുധിൻ പി.പി., ശില്പ കെ.ആർ., അമൂല്യ ബാജി എന്നിവർ പങ്കാളികളായി. ഈ കണ്ടെത്തലുകൾ ന്യൂസിലാൻഡ്ൽനിന്നും പ്രസിദ്ധീകരിക്കുന്ന സൂടാക്സ (Zootaxa), റഷ്യയിൽനിന്നുള്ള ആർത്രോപോഡ സെലെക്റ്റ (Arthropoda Selecta), ഇംഗ്ലണ്ടിൽനിന്നുള്ള ബ്രിട്ടീഷ് ജേർണൽ ഓഫ് അരക്നോളജി (British Journal of Arachnology), ജപ്പാനിൽനിന്നുള്ള ആക്റ്റ അരക്നോളോജിക്ക (Acta Arachnologica), ഈജിപ്തിൽ നിന്നുള്ള സെർകെട് (Serket) എന്നീ അന്താരാഷ്ട്ര ശാസ്ത്രമാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ ജൈവവൈവിധ്യശോഷണം നടക്കുന്ന സാഹചര്യത്തിൽ പുതിയ ചിലന്തികളുടെ കണ്ടുപിടുത്തം ഇന്ത്യയിലെ ജന്തുജാലവൈവിധ്യത്തെകുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നു.

Please follow and like us: