ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി ഡ്രൈവർ പിടിയിൽ;പിടിയിലായത് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ….
ചാലക്കുടി: കോടതി ജംഗ്ഷനു സമീപം അപകടമുണ്ടാക്കി നിർത്താതെ പോയ ലോറി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ് നാട്ടിൽ കണ്ടെത്തി.
തമിഴ്നാട് ഉടുമൽപേട്ടൈ താലൂക്കിൽ കൊടിഞ്ഞിയം വില്ലേജ് ജെഎൻപാളയം സ്വദേശി ആയാദുരൈ (23 വയസ്) യാണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള
TN78AY 4479 എന്ന രജിസ്ട്രേഷൻ നമ്പറിലുളള വാഹനമാണ് അപകടത്തിനിടയാക്കി നിർത്താതെ പോയത്.
കഴിഞ്ഞമാസം മധ്യത്തോടെ ആലുവയിൽ നിന്നും നാല് ബൈക്കുകളിലായി തമിഴ്നാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് പോയ സംഘത്തിന്റെ ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് വിനോദ യാത്രാ സംഘത്തിലെ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെയായതിനാലും ദൃക്സാക്ഷികളില്ലാത്തതിനാലും ഇടിച്ച വാഹനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പരിക്കേറ്റ യുവാവ് ഇപ്പോഴും അപകട സ്ഥലത്തു നിന്നും ലഭിച്ച ഇടിച്ച വാഹനത്തിന്റേതെന്ന് കരുതുന്ന ഹെഡ് ലൈറ്റിന്റെ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം ഐഷർ ലോറിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് അന്നേ ദിവസം പ്രസ്തുത സമയത്ത് ദേശീയ പാതയിലൂടെ കടന്ന്പോയ ഐഷർ ലോറികളെ കേന്ദ്രീകരിച്ചായി അന്വേഷണം. സംസ്ഥാനത്തിനകത്തും പുറത്തുമായി നാൽപത്തിയെട്ടോളം വാഹനങ്ങൾ രഹസ്യമായി പരിശോധിച്ചതിന്റെയടിസ്ഥാനത്തിൽ സംശയാസ്പദമായ ഉടുമലപേട്ടൈ സ്വദേശിയുടെ വാഹനത്തെപറ്റി അന്വേഷിച്ച് അവിടെയെത്തിയപ്പോൾ വാഹനം പഴനിക്കടുത്ത് വർക്ക് ഷോപ്പിലാണെന്ന വിവരം ലഭിച്ചു. ഉടമ തന്നെയാണ് ചില സമയങ്ങളിൽ വാഹനമോടിക്കുന്നതെന്നും വിവരം ലഭിച്ചതോടെ ഇയാളെ പൊള്ളാച്ചിക്കടുത്ത് അമ്പരാംപാളയത്തുനിന്നും കസ്റ്റഡിയിലെടുത്ത് ചാലക്കുടിയിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്തതിൽ ഉടമ ആയാദുരൈ കുറ്റം സമ്മതിക്കുകയായിരുന്നു.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, അഡീഷണൽ എസ്.ഐ ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ സതീഷ് എം നായർ , സീനിയർ സിപിഒമാരായ ജിബി ടി.സി, അലി എന്നിവരാണ് ഉണ്ടായിരുന്നത്.
വിശദമായ ചോദ്യം ചെയ്യലിൽ ആഴ്ച തോറും കാലടിയിലേയ്ക്കും ആലുവയിലേയ്ക്കും തേങ്ങയുമായി വരാറുണ്ടെന്നും സംഭവ ദിവസം നിർത്താതെ പോയത് ആളുകൾ മർദ്ദിക്കുമോയെന്ന ഭയംമൂലമാണെന്നും ആയാ ദുരൈ സമ്മതിച്ചു.
തുടർന്ന് ഇയാൾക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയച്ചു.