കൊടകര പഞ്ചായത്തിലും ഇനി സ്മാർട്ട് അങ്കണവാടി…
ചാലക്കുടി: കൊടകര പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ നാലാം വാർഡായ അഴകത്ത് നിർമ്മാണം പൂർത്തികരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.മുൻ എംഎൽഎ ബി ഡി ദേവസ്സിയുടെ 2010 – 21 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.
750 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ വിശാലമായ ക്ലാസ്സ് മുറി, കളിക്കാനുള്ള സ്ഥലം, ആധുനിക അടുക്കള, ശിശുസൗഹൃദ ശൗചാലയം, മുതിർന്നവർക്കായി പ്രത്യേക ശുചിമുറി എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിൽ, ഇൻറർലോക്ക് ടൈൽ പാകിയ മുറ്റം, കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ പുറംചുവരിൽ മനോഹരമായ ചിത്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ അദ്ധ്യക്ഷയായ ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആൻ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ജി രജീഷ്, ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കൊടകര പഞ്ചായത്തിൻറെ പദ്ധതികളായ പട്ടിക ജാതി പെൺകുട്ടികളുടെ വിവാഹധനഹായത്തിൻ്റെയും ഭിന്നശേഷി വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് വിതരണത്തിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് നിർവഹിച്ചു.