കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പട്ടിണി സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ;നിക്ഷേപകർ ദുരിതത്തിൽ കഴിയുമ്പോൾ മന്ത്രിയുടെ നേത്യത്വത്തിൽ “വർണ്ണക്കുട ” യുടെ പേരിൽ ധൂർത്തെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ് ..
ഇരിങ്ങാലക്കുട: സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവർ തീരാദുരിതത്തിൽ കഴിയുമ്പോൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ബിന്ദു കോടികൾ ചിലവഴിച്ച് ” വർണ്ണക്കുട ” നടത്തുകയായിരുന്നുവെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എം പി വിൻസെൻ്റ്. തിരുവോണനാളുകളിലും നിക്ഷേപകർക്ക് ഒരു ചെറിയ തുകപോലു അനുവദിപ്പിക്കുവാൻ ശ്രമിക്കാതെ മന്ത്രി ബിന്ദു സ്വന്തം ഉത്തരവാദിത്യത്തിൽ നിന്ന് ഒളിച്ചോടിയെന്നും നിക്ഷേപകരെ സർക്കാർ വഞ്ചിച്ചതായും കോൺഗ്രസ്സ് നേതാവ് കുറ്റപ്പെടുത്തി. വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും നിക്ഷേപർക്ക് പണം എത്രയും വേഗം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണ നാളിൽ മാപ്രാണത്ത് നടത്തിയ പട്ടിണിസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകരുടെ പ്രതിനിധി ജോസഫ് തെങ്ങോലപറമ്പിൽ ,ബാങ്കിൻ്റെ അനാസ്ഥ മൂലം ചികിൽസ കിട്ടാതെ മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി എന്നിവർ സമരത്തിൽ അണിചേർന്നു. മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ മുഖ്യ പ്രഭാഷണം നടത്തി .മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പുള്ളി ,സതീഷ് വിമലൻ, കെ കെ ശോഭനൻ ,ഐൻടിയുസി നിയോജക മണ്ഡലം പ്രസിഡൻണ്ട് പി ബിസത്യൻ ,കെ എൻ ഉണ്ണികൃഷ്ണൻ ,സത്യൻ നാട്ടുവള്ളി, പി ചന്ദ്രശേഖരൻ, എം ആർ ഷാജു ,കെ കെ അബ്ദുള്ളക്കുട്ടി, കെ സി ജെയിംസ്, പി എൻ സുരേഷ് , ബിജു പോൾ അക്കരക്കാരൻ, റോയ് ജോസ് പൊറത്തൂക്കാരൻ ,പി കെ ഭാസി , ബാസ്റ്റ്യൻ ഫ്രാൻസീസ് , സിന്ധു അജയൻ, സന്തോഷ് വില്ലടം, സന്തോഷ് മുതുപറമ്പിൽ ,പ്രദീപ് റെയ്ഹാൻ, ഷഹീർ, കെ രഘുനാഥ് എന്നിവർ പങ്കെടുത്തു.