ചാലക്കുടിയിൽ വീട് കയറി ആക്രമിച്ച് കവർച്ച; പ്രതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ;പിടിയിലായത് കുപ്രസിദ്ധരായ “പാണിയം ഗ്യാംഗിലെ ” ലെ ക്രിമിനൽ മൈനാകം രാജേഷ്…

ചാലക്കുടിയിൽ വീട് കയറി ആക്രമിച്ച് കവർച്ച; പ്രതി പതിനെട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ;പിടിയിലായത് കുപ്രസിദ്ധരായ “പാണിയം ഗ്യാംഗിലെ ” ലെ ക്രിമിനൽ മൈനാകം രാജേഷ്…

ചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളെന്ന വ്യാജേനയെത്തി ചാലക്കുടി പോട്ടയിൽ വീടുകയറി ആക്രമിച്ച് കവർച്ച നടത്തി മുങ്ങിയ സംഘത്തിലെ ഒരാളെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി  ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പതിനെട്ട് വർഷങ്ങൾക്ക് ശേഷം പിടികൂടി. പത്തനംതിട്ട മെഴുവേലി വില്ലേജിൽ കുളനട തുമ്പമൺതാഴത്ത് മാമ്പിള്ളി വീട്ടിൽ മൈനാകം എന്നറിയപ്പെടുന്ന രാജേഷ് കുമാർ ( 39 വയസ്) ആണ് പിടിയിലായത്.  ഇയാൾ പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പതിനെട്ടു വർഷങ്ങൾക്കു മുൻപ് അതിരപ്പിള്ളിയിൽ “പാണിയം ഗ്യാങ്ങ് ” എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ക്രിമിനൽ സംഘം വിനോദ സഞ്ചാരികളെന്ന വ്യാജേനയെത്തുകയും പിറ്റേന്ന് ചാലക്കുടി പോട്ടയിലെത്തി പ്രവാസി മലയാളിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പണവും സ്വർണ്ണാഭരണങ്ങളും കൊള്ളയടിച്ച് കടന്നുകളയുകയായിരുന്നു. ഏഴോളം പേരടങ്ങുന്ന കൊള്ളസംഘത്തിലെ മറ്റുളളവരെ പ്രത്യേകാന്വേഷണ സംഘം ഏതാനും മാസങ്ങൾക്ക് ശേഷം പിടികൂടിയിരുന്നു. രാജേഷ് വിദേശത്തേക്ക് കടക്കുകയും വർഷങ്ങളോളം അവിടെ കഴിയുകയുമായിരുന്നു. ഇയാൾ നാട്ടിലെത്തിയതായി ജില്ലാ പോലീസ് മേധാവിക്ക് സൂചന ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷിന്റെ താമസ സ്ഥലം കണ്ടെത്തി എലവുംതിട്ട പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.

രാജേഷിനെ പിടികൂടിയ പ്രത്യേകാന്വേഷണ സംഘത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്ഐ സിദ്ദിഖ് അബ്ദുൾ ഖാദർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു.സിൽജോ, എ.യു റെജി, ഷിജോ തോമസ് ചാലക്കുടി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബിജു ഒ.എച്ച്, സീനിയർ സിപിഒ സതീഷ്, സിപിഒമാരായ ചഞ്ചൽ, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

ചാലക്കുടിയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്തതിൽ കൊള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു വെന്നും സംഘത്തിലുള്ളവർ സുഹൃത്തുക്കളാണെന്നും കൊള്ള നടത്തിയ കാര്യവും സമ്മതിച്ചു. തുടർന്ന് വൈദ്യ പരിശോധനയും മറ്റും നടത്തി ഇയാളെ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.

Please follow and like us: