തെരുവുവിളക്കുകളുടെ പരിപാലനത്തെ ചൊല്ലി നഗരസഭ യോഗത്തിൽ പ്രതിപക്ഷവിമർശനം; ഇനി മേൽനോട്ട ചുമതല എഞ്ചിനീയറിംഗ് വിഭാഗത്തിന്; സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ..
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലുള്ള തെരുവുവിളക്കുകളുടെ പരിപാലനം ഇനി എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ. മാസങ്ങളായി വിവിധ വാർഡുകളിൽ വിളക്കുകൾ കത്തുന്നില്ലെന്നും വിഷയം കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് കമ്മിറ്റി നിയമപരമായും സുതാര്യവുമായ ശൈലിയിൽ അല്ല പ്രവർത്തിക്കുന്നതുമെന്ന പ്രതിപക്ഷവിമർശനത്തെ തുടർന്നാണിത്.നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ, ബിജെപി പാർലമെൻ്ററി പർട്ടി ലീഡർ സന്തോഷ് ബോബൻ എന്നിവരാണ് വിഷയം ഉന്നയിച്ചത്.പ്ലാക്കാർഡുകളും ഓലച്ചൂട്ടുകളുമായിട്ടാണ് ബിജെപി കൗൺസിലർമാർ യോഗത്തിന് എത്തിയത്. ഒരു വർഷം നാല്പത് ലക്ഷത്തോളം രൂപയാണ് നഗരസഭ തെരുവുവിളക്കുകൾക്കായി ചിലവഴിക്കുന്നതെന്നും എന്നാൽ എത്ര ലൈറ്റുകൾ നന്നാക്കിയതിൻ്റെയും കരാറുകാർക്ക് പണം നല്‍കിയതിൻ്റെയും കണക്കുകൾ ലഭ്യമല്ലെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിലെ നിർവഹണ ഉദ്യോഗസ്ഥർ പൊതുമരാമത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാറില്ലെന്നും ആരോപണം ഉയർന്നു. വിമർശനങ്ങൾ ശക്തമായതോടെ ഇനി മുതൽ വിഷയം എഞ്ചിനീയറിംഗ് വിഭാഗം നേരിട്ട് കൈകാര്യം ചെയ്യട്ടെയെന്ന് ചെയർപേഴ്സൺ നിർദ്ദേശിച്ചു. എന്നാൽ പരാതി രജിസ്റ്ററിൽ കൗൺസിലർമാർ ഒന്നും രേഖപ്പെടുത്തിയതായി കാണുന്നില്ലെന്നും കരാറുകാരുടെ മാർച്ച് മാസം വരെയുള്ള കുടിശ്ശികകൾ കൊടുത്ത് കഴിഞ്ഞിട്ടുണ്ടെന്നും മുനിസിപ്പൽ എഞ്ചിനീയർ വിശദീകരിച്ചു.
നഗരസഭതല പരിപാടികൾ പ്രതിപക്ഷ അംഗങ്ങൾ ക്യത്യമായി അറിയുന്നില്ലെന്നും പരിപാടികളിലെ അധ്യക്ഷസ്ഥാനം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരെ ഒഴിവാക്കി വൈസ് – ചെയർമാന് നല്‍കുകയാണെന്നും അഡ്വ കെ ആർ വിജയ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച പ്രോട്ടോക്കോൾ വ്യക്തമാക്കണമെന്ന് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്തും ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനം വേണമെന്ന് തനിക്ക് നിർബന്ധമില്ലെന്നും എന്നാൽ എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ പരിപാടികളിൽ വൈസ് – പ്രസിഡണ്ടുമാരാണ് പല ചടങ്ങുകളിലും അധ്യക്ഷത വഹിക്കുന്നതെന്ന് വൈസ് – ചെയർമാൻ ടി വി ചാർലി ചൂണ്ടിക്കാട്ടി.ഇത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോൾ ഇല്ലെന്നും വാർഡ് കൗൺസിലർമാർ തന്നെ ചടങ്ങുകളിൽ അധ്യക്ഷത വഹിക്കുന്നതാണ് കീഴ് വഴക്കമെന്നും നഗരസഭ സെക്രട്ടറി വിശദീകരിച്ചു.
സാമ്പത്തിക ക്രമക്കേടിൻ്റെ പേരിൽ പൊറത്തിശ്ശേരി സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ജയശങ്കറെ സസ്പെൻ്റ് ചെയ്തതായി യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു. 39,000 രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
നഗരസഭ ഓഫീസിലെ സോളാർ സംവിധാനത്തിൻ്റെ ഇരുപത് ബാറ്ററികൾ മാറ്റുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു.
വാർഡ് സഭകൾ അംഗീകരിച്ച വാതിൽപ്പടി സേവന പദ്ധതിയിലെ 240 ഗുണഭോക്താക്കളുടെ പട്ടികയും അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ അന്തിമ മൈക്രോ പ്ലാനും യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.സി സി ഷിബിൻ,അൽഫോൺസ തോമസ്, ടി കെ ഷാജു, ടി കെ ജയാനന്ദൻ, കെ പ്രവീൺ, ആർച്ച അനീഷ്, രാജി കൃഷ്ണകുമാർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.