ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ഗവ. ഗേൾസ് സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ;യൂണിഫോം വിതരണത്തിൽ നിന്ന് ഒഴിഞ്ഞ് മാറി നഗരസഭ ഭരണനേതൃത്വം..
ഇരിങ്ങാലക്കുട: ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ഇരിങ്ങാലക്കുട ഗവ ഗേൾസ് സ്കൂൾ. സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലാണ് പട്ടണത്തിൽ ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിരിക്കുന്നത്.എൽകെജി, യുകെജി വിഭാഗങ്ങളിലായി അമ്പതോളം കുട്ടികളാണ് സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലുള്ളത്. സ്കൂളിലെ പിടിഎ നേരത്തെ എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് ജോഡി ജെൻഡർ ന്യൂട്രൽ യൂണിഫോം കുട്ടികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. രക്ഷിതാക്കളുടെയും സ്പോൺസറുടെയും സഹായത്തോടെയാണ് ഇതിനുള്ള ചിലവുകൾ കണ്ടെത്തിയതെന്ന് സ്കൂൾ അധിക്യതർ വിശദീകരിച്ചു. സ്കൂളിലെ എൽപി വിഭാഗത്തിലെ ക്ലാസ്സ് മുറികൾ സ്മാർട്ട് ആക്കിയതിൻ്റെ ഉദ്ഘാടന ചടങ്ങിൽ യൂണിഫോം വിതരണോദ്ഘാടനവും നടത്താനായിരുന്നു തീരുമാനമെങ്കിലും സംസ്ഥാനത്ത് ചില കേന്ദ്രങ്ങളിൽ നിന്ന് ജെൻഡർ ന്യൂട്രൽ ആശയത്തിന് എതിരായി ഉയർന്ന വിമർശനത്തിൻ്റെ പശ്ചാത്തലത്തിൽ നഗരസഭ ഭരണ നേത്യത്വം യൂണിഫോം വിതരണത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയതോടെ സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും സംയുക്തമായി വിതരണം നിർവഹിക്കുകയായിരുന്നു.എന്നാൽ ഒഴിഞ്ഞ് മാറിയതല്ലെന്നും ചടങ്ങായി നടത്തേണ്ടതില്ലെന്നും മാത്രമാണ് പറഞ്ഞതെന്ന് നഗരസഭ അധികൃതർ വിശദീകരിച്ചു.