ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന് പട്ടയമേള വെള്ളിയാഴ്ച;വി തരണം നടത്തുന്നത് 2413 പട്ടയങ്ങള്‍..
ഇരിങ്ങാലക്കുട: റവന്യൂ ഡിവിഷന് പട്ടയമേള വെള്ളിയാഴ്ച വൈകീട്ട് 4 ന് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഗായത്രി ഹാളില്‍ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു അദ്ധ്യക്ഷത വഹിക്കും. എം.പി.മാര്‍, എം.എല്‍.എമാര്‍,
തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാകളക്ടര്‍,
എ.ഡി.എം,
ആര്.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസിൽദാർമാർ, വില്ലജ് ഓഫീസർ മാർ തുടങ്ങിയവര്‍ പങ്കെടുക്കും.
മുകുന്ദപുരം,ചാലക്കുടി,കൊടുങ്ങല്ലൂര്‍ താലൂക്കുകളില്‍ നിന്നായി 2413 പട്ടയങ്ങളാണ് വിതരണം നടത്തുന്നതെന്ന് ആർഡിഒ എം എച്ച് ഹരീഷ്, തഹസിൽദാർ കെ ശാന്തകുമാരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുരിയാട് വില്ലേജില്‍ അറുപത് വര്‍ഷത്തിലേറെയായി പുറമ്പോക്കില്‍ വീട് പണിത് താമസിച്ചുവരുന്ന നാല് കുടുംബങ്ങള്‍ക്ക് നല്കുന്ന പട്ടയമുള്പ്പടെ 12 പട്ടയങ്ങള്‍ മുകുന്ദപുരം താലൂക്ക് ഓഫീസില്‍ നിന്നും അനുവദിക്കും.
ചാലക്കുടി താലൂക്ക് ഓഫീസില്‍ നിന്നും 36 പട്ടയങ്ങളും, കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും 42 സുനാമി പട്ടയങ്ങളും ഒരു മിച്ചഭൂമി പട്ടയവും ഉള്‍പ്പടെ 43 പട്ടയങ്ങളും മേളയില്‍ വിതരണം ചെയ്യും. ഇരിങ്ങാലക്കുട ലാന്റ് ട്രിബ്യൂണലില്‍ നിന്നും കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകളിലുള്ളവർക്ക് 1200 പട്ടയങ്ങളും തൃശ്ശൂര്‍ ലാന്റ് ട്രിബ്യൂണലില്‍ നിന്നും മുകുന്ദപുരം താലൂക്കിലുള്ളവര്‍ക്ക് 1090 പട്ടയങ്ങളും കൂടാതെ 21 വനഭൂമി പട്ടയങ്ങളും,11 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പടെയാണ് 2413 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.
ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും ചടങ്ങിൽ വച്ച് നടക്കും. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും റവന്യൂ മന്ത്രി നിർവഹിക്കും.
തഹസിൽദാർ (എൽആർ) സിമീഷ് സാഹു, സീനിയർ സൂപ്രണ്ട് വിനോദ് എസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.