വെള്ളിക്കുളങ്ങരയിൽ വീടിനുള്ളിൽ കടന്ന് ഒളിച്ചിരുന്ന് വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ;മാല പൊട്ടിച്ചത് മരപ്പണിക്കാരനെന്ന വ്യാജേനയെത്തി ആരുമറിയാതെ വീട്ടിൽ കയറി അടുക്കള സ്ലാബിനടിയിൽ പതുങ്ങിയിരുന്ന്;നാടിനെ ഞെട്ടിച്ച കേസിലെ പ്രതിയെ അന്വേഷണ സംഘം വലയിലാക്കിയത് അതി സമർത്ഥമായി….
ചാലക്കുടി: വെള്ളിക്കുളങ്ങര വീരൻചിറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവിനെ ചാലക്കുടി ഡി വൈ എസ് പി , സി ആർ സന്തോഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. വയനാട് അമ്പലവയൽ സ്വദേശി വിളത്തി വയലിൽ വീട്ടിൽ ഷാജഹാൻ (31 വയസ്സ് )എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകളിൽ ഉൾപ്പെട്ട ഷാജഹാൻ എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു. അതിനുശേഷം അതിരപ്പിള്ളി, അയ്യമ്പുഴ വന മേഖലകളിൽ മരം വെട്ടി ലോഡ് ചെയ്യുന്ന പണികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് കുറ്റിച്ചിറ സ്വദേശിയായ മരംവെട്ട് കരാറുകാരനുമായി പരിചയപ്പെട്ട് കുറ്റിച്ചിറയിൽ എത്തുന്നത്.കിഴക്കേ കുറ്റിച്ചിറയിൽ ഉള്ള ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിൽ താമസിച്ചാണ് ഇയാൾ കുറ്റിച്ചിറ മേഖലയിൽ ജോലി ചെയ്തുവന്നിരുന്നത് .മാല നഷ്ടപ്പെട്ട വൃദ്ധയുടെ വീട്ടിലും ഒരു മാസം മുൻപ് ഇയാൾ ജോലിക്ക് പോയിരുന്നു.
ജോലി ചെയ്തുകൊണ്ടിരിക്കെ അവർ തനിയെയാണ് അവിടെ താമസിക്കുന്നതെന്നും ആ വീട്ടിലെ സാഹചര്യങ്ങളും മനസ്സിലാക്കി. മാല കവർച്ച ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടി തലേദിവസം തന്നെ കുറ്റിച്ചിറയിൽ ഉള്ള പണി അവസാനിപ്പിച്ച് പോവുകയാണെന്നും, വിദേശത്തേക്ക് പോകുവാൻ ഒരു അവസരം ശരിയായിട്ടുണ്ടെന്നും കൂടെ ജോലി ചെയ്യുന്നവരെയും കരാറുകാരനെയും തെറ്റിദ്ധരിപ്പിക്കുകയും , പിറ്റേദിവസം കുറ്റിച്ചിറയിൽ നിന്ന് വീരൻചിറയിലേക്ക് നടന്നു വന്ന് വൃദ്ധയുടെ വീടിന് പിന്നിൽ ഒളിച്ചിരിക്കുകയും അടുക്കള വാതിൽ തുറന്ന സമയം ആരും കാണാതെ പിന്നിലൂടെ അകത്തുകയറി ഒളിച്ചിരിക്കുകയുമായിരുന്നു .വൃദ്ധ അടുക്കളയിൽ എത്തി പണികളിൽ ഏർപ്പെട്ട സമയം പിന്നിലൂടെ വന്ന് ബലമായി പിടിച്ച് നിർത്തി മാല പൊട്ടിച്ച് അടുക്കള വാതിൽ വഴി ഓടി രക്ഷപ്പെടുകയും ആയിരുന്നു . കവർച്ചയ്ക്കുശേഷം താമസിക്കുന്ന സ്ഥലത്തെത്തിയ ഷാജഹാൻ വസ്ത്രങ്ങളും ബാഗുകളും എടുത്ത് ചാലക്കുടിയിൽ എത്തി അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പുലർച്ചെ വീട്ടിലെത്തിയ ഷാജഹാൻ എറണാകുളത്തേക്ക് ഡ്രൈവർ ജോലിക്ക് പോകുകയാണ് എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കർണ്ണാടകത്തിലേക്ക് കടക്കുകയായിരുന്നു.
വൃദ്ധയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിനായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ഡോങ്റേ ഐ പി എസിന്റെ നിർദ്ദേശാനുസരണം ചാലക്കുടി ഡി വൈ എസ് പി , സി . ആർ സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു. മലയോര മേഖലയിലെ ഉൾ പ്രദേശത്ത് നടന്ന സംഭവമായതിനാൽ സി സി ടിവി ദൃശ്യങ്ങളോ മൊബൈൽ ഫോൺ വിവരങ്ങളോ അന്വേഷണത്തിന് സഹായകമല്ലാത്ത സാഹചര്യത്തിൽ സംഭവം നടന്ന വീടിന് സമീപത്ത് വിവിധ ജോലികൾക്കായി സമീപകാലത്ത് വന്ന ആൾക്കാരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെയാണ് അവരുടെ പുരയിടത്തിൽ മരങ്ങൾ മുറിച്ച് വിറ്റതായുള്ള വിവരം ലഭിച്ചത്. അന്ന് മരം വെട്ട് ജോലിക്കായി വന്നിരുന്ന വയനാട് സ്വദേശിയായ ഒരാൾ ജോലി നിർത്തി വിദേശത്തേക്ക് പോകാനായി പോയി എന്നുള്ള വിവരം ലഭിക്കുകയും ചെയ്തു. സുൽത്താൻബത്തേരി , മീനങ്ങാടി , അമ്പലവയൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പണി നിർത്തി പോയ ഷാജഹാൻ എന്നയാൾ മുൻപ് അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകളിൽ ഉൾപ്പെട്ടിരുന്ന ആളാണെന്നും വല്ലപ്പോഴുമേ നാട്ടിലേക്ക് വരാറുള്ളൂ എന്നും വിവരങ്ങൾ ലഭിച്ചു. പോലീസിന്റെ കൂടുതൽ അന്വേഷണത്തിൽ ഇയാൾ കർണാടകയിലേക്ക് കടന്നതായി മനസ്സിലാക്കുകയും, പോലീസ് സംഘം കർണ്ണാടകത്തിലെ തോൽപെട്ടി, മൈസൂർ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഷാജഹാൻ എറണാകുളത്തേക്ക് പോയതായി അറിയുകയും, കർണാടകത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്ര മധ്യേ ഷാജഹാനെ പിടികൂടുകയുമായിരുന്നു.
അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും സബ് ഇൻസ്പെക്ടർമാരായ പി ആർ ഡേവിസ്, ജിനുമോൻ തച്ചേത്ത് , എ എസ് ഐ മാരായ ജോബ് സി എ , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്,
പി എം മൂസ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിൽജോ വി യു , പ്രതീഷ് ഇ സി , റെജി എ യു , ഷിജോ തോമസ്, .എംഎസ് ഷിജു, നീതു ബിനോജ് എന്നിവരും ഉണ്ടായിരുന്നു.
കവർച്ച ചെയ്ത മാല ഷാജഹാൻ മലപ്പുറം തിരൂരിലുള്ള ഒരു ജ്വല്ലറിയിൽ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു. ഇയാൾ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.