കരുവന്നൂർ തട്ടിപ്പ്; അന്വേഷണത്തിനായി ഇഡിയും; റെയ്ഡ് നടക്കുന്നത് ബാങ്കിലും മുഖ്യ പ്രതികളുടെ വീടുകളിലും….
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്കിലും പ്രതികളുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബാങ്കിലും അഞ്ചു പ്രതികളുടെ വീടുകളിലും ഒരേ സമയമാണ് പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നെത്തിയ ഇഡിയുടെ പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് രാവിലെയാണ് സംഘം കരുവന്നൂരിലെത്തിയത്.
രാവിലെ എട്ടരയോടെ സിആർപിഎഫിന്റെ സായുധസേനാംഗങ്ങളടക്കമുളളവർക്കൊപ്പമായിരുന്നു ഇഡി എത്തിയത്.
മുഖ്യപ്രതി ബിജോയ്, സുനിൽകുമാർ, ജിൽസ്, ബിജു കരീം, ഭരണ സമിതി മുൻ പ്രസിഡണ്ട് ദിവാകരൻ മാസ്റ്റർ എന്നിവരുടെ വീടുകളിലും കരുവന്നൂർ സഹകരണ ബാങ്കിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്.
ഇതാദ്യമായാണ് കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ ഇഡിയുടെ നേരിട്ടുള്ള ഇടപെടലും പരിശോധനകളുമുണ്ടാകുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന ഈ കേസിൽ കുറ്റപത്രംപോലും നൽകിയിട്ടില്ലാത്തതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുൻപ് സുരേഷ് എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ആ സമയത്ത് കോഴിക്കോടു നിന്നുള്ള ഇഡിയുടെ ഒരു സംഘം കരുവന്നൂരിലെത്തി കാര്യങ്ങൾ പരിശോധിച്ചു മടങ്ങിയെങ്കിലും പിന്നീട് തുടരന്വേഷണമൊന്നുമുണ്ടായില്ല.
അടുത്തിടെ ബാങ്കിൽ നിക്ഷേപിച്ച പണം കിട്ടാതെ ചികിത്സിക്കാൻ വഴിയില്ലാതെ ഫിലോമിന എന്ന വീട്ടമ്മ മരിച്ചതും പണം തിരിച്ചുകിട്ടാതെ പലരും ശക്തമായ പ്രതിഷേധമുയർത്തിയതും ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പെട്ടന്നുള്ള ഇഡി പരിശോധനയെന്ന് സൂചനകളുണ്ട്.
തോക്കേന്തിയ സിആർപിഎഫ് സേനാംഗങ്ങളെ വീടുകൾക്കും ബാങ്കിനും പുറത്ത് കാവൽ നിർത്തിയാണ് എൻഫോഴ്സ്മെന്റ് സംഘം വീട്ടിനകത്തും ബാങ്കിലുമെല്ലാം പരിശോധന നടത്തിയത്.
ഇഡി കൊച്ചി യൂണിറ്റിലെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ സംഘമാണ് ബാങ്കിന്റെ ഹെഢോഫീസിലും പ്രതികളുടെ വീടുകളിലുമായി പരിശോധന നടത്തിയത്. ബാങ്കിൽ നിന്നും പ്രതികൾ തട്ടിയെടുത്ത പണം ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകൾ കണ്ടെത്തുന്നതിനാണ് പരിശോധനയെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖ്യപ്രതി ബിജോയിയുടെ കൊരുമ്പിശ്ശേരിയിലെയും ബിജു കരീമിന്റെ മാപ്രാണത്തേയും വീടുകളിലടക്കം പരിശോധനയുണ്ട്.
കേസിലെ പ്രതികൾ തട്ടിപ്പു നടത്തിയ പണം എവിടെയെല്ലാം ആരുടെയെല്ലാം ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നതെന്നാണ് സൂചന.
മുന്നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പുനടന്നതായി ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണബാങ്ക് കേസിൽ എൻഫോഴ്സ്മെന്റ് സജീവമായി ഇടപെട്ടതോടെ അന്വേഷണം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയെന്നും മറ്റുമുള്ള പുതിയ സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി പെട്ടന്ന് ഈ കേസിൽ ഇടപെട്ടതെന്നും സൂചനകളുണ്ട്.
രാഷ്ട്രീയ ഗൂഢാലോചനകളുണ്ടോ എന്നതും വമ്പൻ സ്രാവുകൾക്ക് കേസിൽ പങ്കുണ്ടോ എന്നതുമെല്ലാം ഇഡിയുടെ അന്വേഷണത്തിലുണ്ടാകും.
തേക്കടിയിലും കുമളിയുമെല്ലാം കരുവന്നൂർ കേസിലെ പ്രതികൾ റിസോർട്ടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. ബിനാമി പേരുകളിൽ പലയിടത്തായി ഇവർ നിക്ഷേപങ്ങൾ പണമായും റിയൽ എസ്റ്റേറ്റായുമെല്ലാം നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം വിശദാംശങ്ങൾ ഇഡി പരിശോധിക്കും.
ബാങ്കിൽ ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണമാണ്.
മരണമടഞ്ഞ ഫിലോമിനിയുടെ കുടുംബത്തിനും മറ്റൊരു കുടുംബത്തിനും നിക്ഷേപതുക കരുവന്നൂർ ബാങ്ക് അധികൃതർ മന്ത്രി ആർ.ബിന്ദുവിന്റെ സാന്നിധ്യത്തിൽ മടക്കി നൽകിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ഇഡി കരുവന്നൂരിലെത്തിയിരിക്കുന്നത്.
കടുത്ത നടപടികളിലേക്ക് അതിവേഗം ഇഡി കടക്കുമെന്നാണ് കൊച്ചിയിലെ ഇഡി ഓഫീസ് നൽകുന്ന സൂചന.
റെയ്ഡിന്റെ പ്രാഥമിക വിവരങ്ങളടക്കം ഡൽഹിയിലേക്ക് റിപ്പോർട്ടുചെയ്യും.