മഴക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകളുടെ എകോപിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം;നഗരസഭയുടെ പ്രതിനിധികൾ യോഗത്തിൽ ഇല്ലെന്നും വിമർശനം..

മഴക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകളുടെ എകോപിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം;നഗരസഭയുടെ പ്രതിനിധികൾ യോഗത്തിൽ ഇല്ലെന്നും വിമർശനം..

ഇരിങ്ങാലക്കുട: കാലവർഷക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകൾ എകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇറിഗേഷൻ വകുപ്പ് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും താലൂക്ക് വികസനസമിതി യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. കനത്ത മഴയെ തുടർന്ന് തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ പിഡബ്ല്യു അധിക്യതർക്കും നഗരസഭ അധിക്യതർക്കും മന്ത്രി നിർദ്ദേശം നല്കി.മഴ കുറഞ്ഞെങ്കിലും ഡാമുകളിൽ നിന്നുള്ള വെള്ളം എത്തിച്ചേരുന്നത് മൂലം താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണെന്നും കൂടുതൽ ആളുകൾ ക്യാമ്പുകളിലേക്ക് വന്ന് കൊണ്ടിരിക്കുകയാണെന്നും തഹസിൽദാർ ശാന്തകുമാരി വിശദീകരിച്ചു.

വികസനസമിതി യോഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാത്തതിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിന് എത്താത്തതിലും നേരത്തെ യോഗത്തിൽ വിമർശനം ഉയർന്നു. ചില വകുപ്പുകളുടെ പ്രതിനിധികളായി എത്തുന്ന ഉദ്യോഗസ്ഥർ വിഷയങ്ങൾ പഠിക്കാതെയാണ് വരുന്നതെന്നും ആക്ഷേപം ഉയർന്നു.നഗരസഭയെ പ്രതിനിധീകരിച്ച് ആരും യോഗത്തിൽ പങ്കെടുക്കാഞ്ഞതും ചർച്ചാ വിഷയമായി.

ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ താലൂക്ക് ആശുപത്രിയിൽ നിന്ന് അടുത്ത കാലത്തായി നിഷേധിക്കുകയാണെന്നും താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനായി കൊണ്ട് വരുന്ന മൃതദേഹങ്ങൾ തൃശ്ശൂരിലേക്ക് പറഞ്ഞ് വിടുന്ന പ്രവണത ശരിയല്ലെന്നും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി പറഞ്ഞു. ആശുപത്രിയിൽ ജീവിത ശൈലി മരുന്നുകളുടെ ക്ഷാമം നേരിടുണ്ടെന്ന് ആശുപത്രി പ്രതിനിധി വിശദീകരിച്ചു.ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരുടെ യോഗം വിളിച്ച്‌ ചർച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി.

തൃപ്രയാർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ സ്റ്റാൻ്റിൽ കയറാത്ത വിഷയം സംബന്ധിച്ച് ജില്ലാ തലത്തിൽ ഉടൻ യോഗം വിളിക്കും .കാട്ടൂർ പഞ്ചായത്തിൽ പൊഞ്ഞനം ഭാഗത്തെ പൈപ്പ് ലൈൻ ചോർച്ച ഇത് വരെ പരിഹരിക്കപ്പെടാത്തതും യോഗത്തിൽ വിമർശനത്തിന് കാരണമായി. താലൂക്ക് വികസന സമിതി യോഗത്തിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഉയർന്ന വന്ന വിഷയമാണിതെന്നും ഇത് സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ റിപ്പോർട്ട് നല്കണമെന്നും ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ ആവശ്യപ്പെട്ടു. വികസന സമിതി യോഗങ്ങൾ പ്രഹസനമായി മാറുന്ന അവസ്ഥ ഉദ്യോഗസ്ഥർ സ്യഷ്ടിക്കരുതെന്ന് മന്ത്രിയുടെ പ്രതിനിധി ഉല്ലാസ് കളക്കാട്ട് ആവശ്യപ്പെട്ടു. കാട്ടൂർ റോഡ് വികസനത്തിൻ്റെ ഭാഗമായി പോംപെ സ്കൂളിൻ്റെ ഭാഗത്തുള്ള പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും താലൂക്ക് സർവ്വെയറുടെയും സാന്നിധ്യത്തിൽ വീണ്ടും അളക്കാൻ യോഗം നിർദ്ദേശം നല്കി.

യോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷീജ പവിത്രൻ, ലത സഹദേവൻ, സീമ പ്രേംരാജ്, ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: