ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടിലേക്ക് വീണ സ്ത്രീ മരിച്ചു..
ചാലക്കുടി: വിജയരാഘവപുരം ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ ട്രെയിന്‍ വരുന്നതുകണ്ട് ഭയന്ന് പാലക്കുഴി പാലത്തില്‍നിന്നും തോട്ടിലേക്ക് വീണ രണ്ടു സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. വിജയരാഘവപുരം തോറോപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) ആണ് മരിച്ചത്. പരിക്കേറ്റ വി.ആര്.പുരം ചെമ്പോത്തിപറമ്പിൽ മുജീബിന്റെ ഭാര്യ പൗഷയെ (40) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. വി.ആര്.പുരത്തുനിന്നും ചാലക്കുടിയിലേക്കു പോകുന്ന റോഡില്‍ വെള്ളം കയറി കിടക്കുന്നതിനാല്‍ റെയില്‍വേ പാലത്തിലൂടെ ടൗണിലെ കടകളില്‍ ജോലി ചെയ്യുന്ന ഇവര്‍ നടന്നുപോകുമ്പോഴാണ് ട്രെയിന്‍ വരുന്നതുകണ്ട് രക്ഷപ്പെടാന്‍ തോട്ടിലേക്ക് ചാടിയത്. കണ്ണൻപുഴ ജോണ്‍സന്റെ ഭാര്യ ലാലിയും ഒന്നിച്ചാണ് ഇവര്‍ ടൗണിലേക്ക് പോയത്. ലാലി ട്രെയിന്‍ വരുന്നതുകണ്ട് പാലത്തിലേക്ക് കയറിയില്ല. ഇതിനാല്‍ രക്ഷപ്പെട്ടു. തോട്ടിലേക്കു വീണ ദേവീകൃഷ്ണയെയും പൗഷയേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ദേവീകൃഷ്ണയുടെ ജീവന് രക്ഷിക്കാനായില്ല.
തോട്ടില്‍ നല്ല ഒഴുക്കുണ്ടായതിനാല്‍ ദേവീകൃഷ്ണ ഒഴുക്കില്‍ അകപ്പെട്ട് കുറേദൂരം ഒഴുകിപ്പോയി. പൗഷയെ ഉടനെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ദേവീകൃഷ്ണയെ ഏറെ നേരം തെരച്ചില്‍ നടത്തിയശേഷമാണ് കണ്ടുകിട്ടിയത്.
എൽപി സ്കൂൾ വിദ്യർഥിനി ദുത നന്ദ ദേവീകൃഷ്ണയുടെ മകളാണ്.