മഴക്കെടുതികൾ തുടരുന്നു; മുകുന്ദപുരം താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 75 പേർ; തലയിണക്കുന്നിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് കേട്പാടുകൾ; പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിൽ വീട്ടുകിണറുകൾ ഇടിഞ്ഞു, ആളൂർ പഞ്ഞപ്പിള്ളിയിൽ തുടർച്ചയായ മഴയിൽ വീട് പൂർണ്ണമായും തകർന്നു…

മഴക്കെടുതികൾ തുടരുന്നു; മുകുന്ദപുരം താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 75 പേർ; തലയിണക്കുന്നിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് കേട്പാടുകൾ; പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിൽ വീട്ടുകിണറുകൾ ഇടിഞ്ഞു, ആളൂർ പഞ്ഞപ്പിള്ളിയിൽ തുടർച്ചയായ മഴയിൽ വീട് പൂർണ്ണമായും തകർന്നു…

 

ഇരിങ്ങാലക്കുട: കനത്ത മഴയെ തുടർന്ന് മുകുന്ദപുരം താലൂക്കിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയിരിക്കുന്നത് 75 പേർ. കാറളം, വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്.മഴയുടെ തീവ്രത കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി വെളളം കയറിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങിയതായി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തലയിണക്കുന്ന് റബ്ബർ എസ്റ്റേറ്റ് റോഡിൽ മണ്ണിടിഞ്ഞ് കല്ലിങ്ങപ്പുറം മുകുന്ദൻ, കണിയത്ത് ഇന്ദിര എന്നിവരുടെ വീടുകൾക്ക് കേട്പാടുകൾ സംഭവിച്ചിട്ടുണ്ട്.വീടുകളിൽ നിന്ന് താമസം മാറാൻ ഇവർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

വേളൂക്കര പഞ്ചായത്തിൽ തുമ്പൂരിൽ അണക്കത്തി വീട്ടിൽ സുനിത രവിയുടെ വീടിനോട് ചേർന്നുള്ള വീട്ടുകിണർ പൂർണ്ണമായും ഇടിഞ്ഞു.

പൂമംഗലം പഞ്ചായത്തിൽ തേമാലിത്തറ, എടക്കുളം, അരിപ്പാലം പള്ളിത്താഴം എന്നിവടങ്ങളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. എടക്കുളത്ത് ഊക്കൻ വീട്ടിൽ ആനി ജെയിംസിൻ്റെ വീട്ടുകിണർ ഇടിഞ്ഞിട്ടുണ്ട്.

ആളൂർ പഞ്ചായത്തിൽ തുടർച്ചയായ മഴയിൽ പഞ്ഞപ്പിള്ളിയിൽ പാലത്തിങ്കൽ സുരേഷിൻ്റെ ഓടിട്ട വീട് പൂർണ്ണമായും തകർന്നു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ടും കുറഞ്ഞിട്ടുണ്ട്.

കാറളം പഞ്ചായത്തിൽ വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ച് പോയ കർഷകരുടെ മൽസ്യ കൂടുകൾ പഞ്ചായത്ത്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി കരയ്ക്കടുപ്പിച്ചിട്ടുണ്ട്. അയ്യായിരം തിലോപിയ മീനുകളും നാലായിരം കരിമീൻ കുഞ്ഞുങ്ങളുമാണ് നാല് കൂടുകളിലായി ഉണ്ടായിരുന്നത്. ഒരു കൂടിന് ഒന്നര ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. കാറളം പഞ്ചായത്തിൽ ഹരിപുരം പാലത്തിന് അടുത്ത് കെഎൽഡിസി കനാലിൽ ഒഴുക്കിന് തടസ്സമായി വീണ് കിടക്കുന്ന മരങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പടിയൂർ പഞ്ചായത്തിലും വെള്ളക്കെട്ട് കുറഞ്ഞതായി അധികൃതർ പറയുന്നു.രണ്ട് സ്കൂളുകളിലായി ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും ആരും എത്തിയിട്ടില്ല. കാട്ടൂർ പഞ്ചായത്തിലും സമാനമായ സാഹചര്യമാണുള്ളത്.

Please follow and like us: