നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്; റിക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസി; ദർശനത്തിന് എത്തിയ മാവേലിക്കര സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു..

നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്; റിക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസി; ദർശനത്തിന് എത്തിയ മാവേലിക്കര സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു..

ഇരിങ്ങാലക്കുട: നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്. റെക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസിയും. നാലമ്പല തീർഥാടനം ശ്രദ്ധ ആകർഷിച്ചതിന് ശേഷം ദൃശ്യമായതിൽ വച്ച് കൂടുതൽ ഭക്തജനങ്ങൾ ഒഴുകിയെത്തിയ ദിനമാണെന്ന് കൂടൽമാണിക്യം ദേവസ്വം അധിക്യതർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ലക്ഷത്തോളം പേർ നാലമ്പല ദർശനത്തിന് ഇന്ന് എത്തിച്ചേർന്നതായാണ് അനൗദ്യോഗിക കണക്ക്.ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ അഞ്ച് മണിക്ക് തുറന്ന നട നാല് മണിയോടെയാണ് അടച്ചത്.രണ്ടായിരത്തോളം ഭക്തർക്ക് ദർശനം പൂർത്തിയാക്കാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. ഒരു ഘട്ടത്തിൽ ഭക്തജനങ്ങളുടെ വരി റോഡിലേക്കും നീണ്ടു. നിയന്ത്രിക്കാൻ വളണ്ടിയർമാർ എറെ ബുദ്ധിമുട്ടി.
സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി 22 സർവീസുകളാണ് കെഎസ്ആർടിസി ഇന്ന് നടത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്ന് മാത്രം ആറ് സർവീസുകളാണ് നടത്തിയത്. രണ്ടും നാലമ്പല തീർത്ഥാടനത്തിൻ്റെ ചരിത്രത്തിൽ ആദ്യമാണെന്ന് കെ എസ്ആർടിസി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നുള്ള ആറ് സർവീസുകളിലെ വരുമാനം പത്ത് ലക്ഷം കവിയുമെന്നും കെഎസ്ആർടിസി അധികൃതർ സൂചിപ്പിച്ചു.
നാലമ്പലദർശനത്തിന് എത്തിയ തീർഥാടകൻ രാവിലെ കുഴഞ്ഞ് വീണ് മരിച്ചു.മാവേലിക്കര തെക്കേക്കര വാത്തിക്കുളം തറമേൽ തറയിൽ വീട്ടിൽ സോമശേഖരൻ (61) ആണ് മരിച്ചത്.രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. കൂടൽമാണിക്യം ദേവസ്വം ഓഫീസിൻ്റെ പാർക്കിംഗ് പ്രദേശത്തിന് മുൻപിലുള്ള കുളിമുറിയിലാണ് കുഴഞ്ഞ് വീണത്. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഷമയാണ് ഭാര്യ. ആര്യ, അമൽ എന്നിവർ മക്കളും ജിതിൻ മരുമകനുമാണ്. ഇരിങ്ങാലക്കുട പോലീസും ദേവസ്വം അധികൃതരും തുടർ നടപടികൾ സ്വീകരിച്ചു.

Please follow and like us: