വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം
ഇരിങ്ങാലക്കുട: ഐഎസ്ഒ 9001-2005 സർട്ടിഫിക്കറ്റ് വീണ്ടും സ്വന്തമാക്കി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്.
ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമവും ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും കർശന ഗുണമേന്മാ നയങ്ങൾ പരിപാലിച്ചുമാണ് പഞ്ചായത്ത് വീണ്ടും നേട്ടം കൊയ്തത്.
2019 മെയ് 8നാണ് പഞ്ചായത്തിന് ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഈ കഴിഞ്ഞ മെയ് 8ന് ഇതിന്റെ കാലാവധി കഴിയുകയും തുടർന്ന് ജൂലൈ 16ന് റീ സർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്തു.
2025 വരെ കാലാവധിയുള്ള സർട്ടിഫിക്കേഷൻ പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബുവിന്റെ അധ്യക്ഷതയിൽ നടന്നു. പ്രസിഡന്റ് എം എം മുകേഷ് ഓഡിറ്റർ പ്രേമാനന്ദനിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
സെക്രട്ടറി ഇൻചാർജ്ജ് സുജൻ പൂപ്പത്തി,
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷറഫുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സാബുരാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.