നൈപുണ്യ പരിചയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ജൂലായ് 30 ന്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കെ-സ്കില്‍ ക്യാമ്പയിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സംഘടിപ്പിക്കുന്ന നൈപുണ്യ പരിചയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ജൂലൈ 30ന് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന മേള കെ-സ്കില്‍ ക്യാമ്പയിന്റെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാകും. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, അധ്യാപക പൊതുസമൂഹം എന്നിവയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. വിവിധ തൊഴില്‍ മേഖലകള്‍ അതുമായി ബന്ധപ്പെട്ട കോഴ്സുകള്‍, കോഴ്സിന്റെ പ്രത്യേകതകള്‍, സര്ട്ടിഫിക്കേഷന്, ഇത്തരം കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ലഭിക്കാന്‍ സാധ്യതയുള്ള തൊഴിലവസരങ്ങള്‍, പരിശീലനം നല്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ എന്നിവയെക്കുറിച്ച് പൂര്‍ണമായ അവബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുവാന്‍ ഉതകുന്ന രീതിയിലാണ് മേള. ഐടി മേള, മീഡിയ, ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, സ്പോര്‍ട്സ് (ഫിറ്റ്നസ് ട്രെയിനര്‍), മാനേജ്മെന്റ് എന്നീ തൊഴില്‍ മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന സ്കില്‍ ടോക്കും വിദ്യാര്‍ഥികളെ തൊഴില്‍ കമ്പോളത്തിലേക്ക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്ലേസ്മെന്റ് ഗ്രൂമിംഗുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം പരിശീലന പങ്കാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് 15 ഓളം തൊഴില്‍ മേഖലകളില്‍ ആകര്‍ഷകമായ നൈപുണ്യ സ്റ്റോളുകള്‍ സജ്ജമാക്കി എക്സിബിഷനും സംശയനിവാരണവും വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലന രംഗത്തെ സാധ്യതകള്‍ കൂടുതല്‍ മനസിലാക്കാനുള്ള അവസരവും മേളയിലൂടെ ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകള്‍ മനസിലാക്കാനും കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുവാനും മേളയില്‍ അവസരമുണ്ടാകും. അതോടൊപ്പം കെ-സ്കില്‍ കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന് വഴി ലഭ്യമായ സ്കോളര്‍ഷിപ്പുകള്‍, കനറാ ബാങ്കുമായി സഹകരിച്ച് ലഭ്യമാക്കുന്ന സ്കില്‍ ലോണ്‍ തുടങ്ങിയ വിവരങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മേളയില്‍ ലഭ്യമാകും. കൂടുതല്‍ യുവജനങ്ങളെ നൈപുണ്യ പരിശീലനത്തിലേക്ക് ആകര്‍ഷിച്ച് കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തില്‍ ഇതൊരു കുതിച്ചുചാട്ടമായി മാറുമെന്ന് ഇരിങ്ങാലക്കുട പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. അസാപ് സംസ്ഥാന കോര്‍ഡിനേറ്റര്‍ വര്‍ഗീസ്, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.