ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി
ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസ്സുകാരി എ ഭാവയാമി പ്രസാദ്.
സംസ്കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് 3 വയസ്സും 11 മാസവും പ്രായമുള്ള ഭാവയാമി ആലപിച്ചത്.
ഈ നേട്ടമാണ് ഇക്കഴിഞ്ഞ ജൂൺ 1ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ അംഗീകരിച്ചത്.
മലയാളത്തിലെ പ്രമുഖ ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിൽ അതിഥിയായി എത്തി പരിപാടി അവതരിപ്പിക്കാനും ഭാവയാമിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട കാഞ്ഞിരത്തോട് സ്വദേശികളായ ഗിരി പ്രസാദിന്റെയും ശേത്വാ കിരണിന്റെയും മകളായ ഭാവയാമി ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്.
ഭാവയാമിയുടെ സഹോദരൻ ബാലാദിത്യയും നല്ലൊരു പാട്ടുകാരനാണ്.
താൻ പാടിയ ഗാനങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ സ്വന്തമായൊരു യൂട്യൂബ് ചാനലും ഈ കൊച്ചു മിടുക്കിക്കുണ്ട്.