ത്യപ്രയാർ, കാട്ടൂർ റൂട്ടുകളിലെ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം; മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം…

ത്യപ്രയാർ, കാട്ടൂർ റൂട്ടുകളിലെ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം; മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ തീരുമാനം…

ഇരിങ്ങാലക്കുട: ത്യപ്രയാർ, കാട്ടൂർ, മൂന്നുപീടിക റൂട്ടുകളിലെ ബസുകൾ ഠാണാവിൽ പോകാതെ ബസ്സ് സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. വിഷയത്തിന് പ്രാദേശിക തലത്തിൽ പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ബസ്സുകളുടെ സമയക്രമം പൊളിച്ച് മാറ്റേണ്ടി വരുമെന്നും ആർടിഎയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ഠാണാവിൽ പോകേണ്ട യാത്രക്കാരെ മറ്റ് ബസ്സുകളിൽ കയറ്റി വിടാവുന്ന സംവിധാനം പരീക്ഷിക്കാവുന്നതാണെന്നും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇതു വഴി സാധിക്കുമെന്നും ജോയിൻ്റ് ആർടിഒ പറഞ്ഞു. ഇതേ തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ബസ്സുടമകളെയും ഉൾപ്പെടുത്തി യോഗം വിളിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം 4 ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ വിഷയത്തിന് പരിഹാരം കാണണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
നിരവധി തവണ യോഗത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടും പൊഞ്ഞനം ഭാഗത്തെ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് പ്രശ്നത്തിൻ്റെ പരിഹാരം നീളുന്നത് യോഗത്തിൽ വിമർശനത്തിന് കാരണമായി. വാട്ടർ അതോറിറ്റിയുടെ ഇരിങ്ങാലക്കുട, നാട്ടിക ഡിവിഷനുകളിലെ ഉദ്യോഗസ്ഥർ പരസ്പരം പഴി ചാരിയുള്ള ശൈലി അംഗീകരിക്കാൻ കഴിയില്ലെന്നും താലൂക്ക് വികസന സമിതി യോഗത്തെ അപഹാസ്യമാക്കി പോകാൻ കഴിയില്ലെന്നും യോഗത്തിൽ അധ്യക്ഷ വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ വ്യക്തമാക്കി.റോഡ് വികസനത്തിൻ്റെ ഭാഗമായി കാട്ടൂർ സെൻ്റ് മേരീസ് പോംപെ സ്കൂളിൻ്റെ അടുത്ത് അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള പുറമ്പോക്ക് പിടിച്ചെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ ആവശ്യപ്പെട്ടു.
50 ലക്ഷം രൂപ ചിലവിൽ റീടാറിംഗ് നടത്തിയ കോടംകുളം റോഡ് ദിവസങ്ങൾക്കുളളിൽ വെട്ടിപ്പൊളിച്ച വാട്ടർ അതോറിറ്റിയുടെ നടപടിയെ പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി വിമർശിച്ചു. കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡ് പൊളിക്കേണ്ടി വന്നതെന്നും ഇക്കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിഷയവുമായി ബന്ധപ്പെട്ട് കരാറുകാരൻ പഞ്ചായത്ത് പ്രസിഡണ്ടിനോട് മോശമായി സംസാരിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും റോഡ് ഉടൻ തന്നെ പുനർനിർമ്മാക്കാമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ യോഗത്തിൽ പറഞ്ഞു.
തഹസിൽദാർ (ഭൂരേഖ) സിമേഷ് സാഹൂ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതിനിധി കൃഷ്ണപ്രസാദ്, പുതുക്കാട് എംഎൽഎ യുടെ പ്രതിനിധി വി ചന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: