കൊടുങ്ങല്ലൂർ ഭരണിക്കിടയിൽ മൊബൈൽ ഫോൺ കവർന്ന പൊറത്തിശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ…
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണിക്ക് മൊബൈൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിരപറമ്പിൽ പ്രജീഷ് (29) നെയാണ് കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബ്രിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഭരണി മഹോത്സവം കാണാനെത്തിയ മതിലകം കഴുവിലങ്ങ് സ്വദേശി ചെങ്ങോത്ത് പറമ്പിൽ പ്രശാന്തിൻ്റെ മൊബൈൽ ഫോണാണ് പ്രജീഷ് കവർന്നത്..ഇരുപതിനായിരം രൂപയോളം വിലവരുന്ന ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രശാന്ത് പരാതിയുമായി പോലീസിനെ സമീപിച്ചു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. മോഷ്ടിച്ച മൊബൈൽ ഇരിങ്ങാലക്കുടയിലെ നാസ് മൊബെൽ കടയിൽ വിൽപന നടത്തിയിരുന്നു. കൊടുങ്ങല്ലൂർ പോലീസിൻ്റെ അന്വേഷണത്തിൽ പുതിയ സിം ഉപയോഗിച്ച് ചേർപ്പ് ഭാഗത്താണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ആസാം സ്വദേശി ഇരിങ്ങാലക്കുടയിലെ മൊബെൽ ഷോപ്പിൽ നിന്നാണ് മൊബൈൽ വാങ്ങിയതെന്ന് മൊഴി നൽകിയതോടെ പോലീസ് കടയിലെത്തിയാണ് മൊബൈൽ ഫോൺ വിറ്റ പ്രതി പ്രജീഷിനെ തിരിച്ചറിഞ്ഞത്.വിവിധ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെ കേസുകളിലെ പ്രതിയാണ് പ്രജീഷ്.എസ് ഐമാരായ ബിജു, സുനിൽ, എ എസ് ഐ ജോബി ജോസ്, സി പി ഒ ബിജു എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.