ഇരിങ്ങാലക്കുട പോക്സോ കോടതിയിൽ വിധി പ്രസ്താവിച്ച ഉടനെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; നാട്ടിക സ്വദേശിയായ പ്രതി മെഡിക്കൽ കോളേജിൽ ചികിൽസയിൽ…
ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 48 വർഷം കഠിനതടവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിധി കേട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് സംഭവം.
2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം.
വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാട്ടിക ചേർക്കര സ്വദേശി ചേന്നംകാട് വീട്ടിൽ കൊച്ചുമോൻ മകൻ ഗണേശനെ(63 വയസ്സ് ) ആണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ജഡ്ജ് കെ പി പ്രദീപ്കുമാർ ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ച് അല്പസമയത്തിന് ശേഷം പ്രതി ചുവന്ന നിറത്തിലുള്ള പൊടി വിഴുങ്ങന്നത് കണ്ട പോലീസുകാർ ഉടനെ വായ കഴുകിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വയറും കഴുകിച്ചതിന് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്ത പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ.സിനിമോൾ ഹാജരായി. 11 വയസ്സകാരിയായ ബാലികയുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ടു വർഷവും ഒൻപതു മാസവും കൂടി ശിക്ഷ അനുഭവിക്കണം. വലപ്പാട് എസ്ഐ ആയിരുന്ന ബൈജു. ഇ ആർരജിസ്റ്റർ ചെയ്ത കേസിൽ സിഐ ആയിരുന്ന ടി കെ ഷൈജു ആണ് കേസ് അന്വേഷണം നടത്തിയത്. പ്രതിക്ക് ചുവന്ന പൊടി കിട്ടിയത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.