വേളൂക്കര ഗ്രാമപഞ്ചായത്തിൻ്റെ മീറ്റിംഗ് ഹാളിന് പുതിയ മുഖം; നവീകരണ പ്രവർത്തനങ്ങൾ 27 ലക്ഷം രൂപ ചിലവിൽ..
ഇരിങ്ങാലക്കുട:വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ മീറ്റിംഗ് ഹാളിന് ഇനി പുതിയ മുഖം. നവീകരിച്ച മീറ്റിംഗ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ 100 ശതമാനം ചെലവഴിച്ച് ആസൂത്രണ സമിതി യോഗത്തില്‍ അഭിനന്ദിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് വേളൂക്കര എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നികുതി പിരിവില്‍ പഞ്ചായത്ത് കൈവരിച്ച നേട്ടവും ആര്‍ദ്ര കേരളം പുരസ്‌കാരം സ്വന്തമാക്കിയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
പരിമിതമായ സൗകര്യം മാത്രമുണ്ടായിരുന്ന പഴയ മീറ്റിംഗ് ഹാള്‍ നവീകരിക്കണമെന്നത് പഞ്ചായത്തിന്റെ നീണ്ട നാളത്തെ സ്വപ്നമായിരുന്നു. ആധുനിക സൗകര്യങ്ങളോടെയും മനോഹരമായ ഇന്റീരിയറോടെയുമാണ് പുതിയ മീറ്റിംഗ് ഹാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഹാളിലുണ്ട്. 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചിലവഴിച്ചാണ് ഹാൾ നവീകരിച്ചിട്ടുള്ളത്.ഹാള്‍ നവീകരണത്തില്‍ സഹകരിച്ച വിവിധ സ്ഥാപനങ്ങളുടെ മേധാവികളെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീഷ് കെ എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗമായ അഡ്വ.ശശികുമാര്‍ ഇടപ്പുഴ, വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിബിന്‍ തുടിയത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ ഉണ്ണികൃഷ്ണൻ,സെക്രട്ടറി എംഎഫ് ജോസ്, വാർഡ് മെമ്പർ വിൻസെൻ്റ് കാനംകുടം, മെമ്പർമാരായ ശ്യാംരാജ്, പി എം ഗാവറോഷ് , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.