ദളിത് യുവാവിനെ ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ;രണ്ടു ക്രിമിനൽ കേസുകളിൽ പിടി കൊടുക്കാതെ മുങ്ങി നടന്നിരുന്ന “മാക്രി അപ്പൂട്ടി” പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ..
പുതുക്കാട് :പുതുക്കാട് എടയാറ്റുമുറി എന്ന സ്ഥലത്തുവച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മാരകമായി അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷും സംഘവും ചേർന്ന് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. ആനന്ദപുരം എടയാറ്റുമുറി സ്വദേശിയും “മാക്രി അപ്പൂട്ടി” എന്ന് വിളിപ്പേരുമുള്ള ഞാറ്റുവെട്ടി വീട്ടിൽ അനുരാജ് (23 വയസ്സ്) ആണ് അറസ്റ്റിലായത്. ആർക്കും പിടി കൊടുക്കില്ല എന്ന് കൂട്ടുകാർക്കിടയിൽ വീമ്പിളക്കിനടന്നിരുന്നതിനാൽ അവർ നൽകിയ പേരാണ് “മാക്രി അപ്പൂട്ടി ” എന്നത്.
കഴിഞ്ഞ മെയ്മാസം ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാത്രി ഒൻപതര മണിയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും പോലീസിനും എക്സൈസ് വിവരങ്ങൾ നൽകുന്നത് നീ അല്ലേടാ എന്നും ആരോപിച്ച് മർദ്ദിക്കുകയായിരുന്നു.
പോലീസിൽ പരാതി നൽകിയാൽകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,
സംഭവത്തിനുശേഷം ഒളിവിൽപോയ അനുരാജിനെ തേടി പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തേടി എക്സൈസുകാരും വീട്ടിലെത്തിയിരുന്നുവെന്നറിയുന്നത്. തുടർന്ന് ഇയാൾ ചെന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ കയറാതെ പത്തോളം കിലോമീറ്ററുകൾ അകലെയുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ എത്താറുണ്ടെന്ന വിവരം ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച നിരീക്ഷണത്തിനൊടുവിൽ ഇയാളുടെ സുഹൃത്തുക്കളെ രഹസ്യമായി പിന്തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നുമാണ് അനുരാജിനെ പിടികൂടിയത്.
2022 മാർച്ച് 29 ന് എക്സൈസ് സംഘം രണ്ട് കിലോ കഞ്ചാവ് ആനന്ദപുരത്തുനിന്ന് പിടികൂടിയ കേസിൽ പ്രതിയാണ് അറസ്റ്റിലായ അനുരാജ് ഇയാളെ അന്ന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 2021 ൽ കൊടകര ആലത്തൂരിൽ 16 വയസ്സുള്ള കുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചു ച്ചു വധിക്കാൻ ശ്രമിച്ചതും ,2019 ൽ ആലത്തൂർ സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് ആലത്തൂർ ജംഗ്ഷനിൽ വച്ച് പടക്കമെറിഞ്ഞ് വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലുമുൾപ്പെടെ പതിനൊന്നോളം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനുരാജ് .
അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും ഡി. വൈ. എസ്. പി . സി ആർ സന്തോഷ്, പുതുക്കാട് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ , സബ്ബ് ഇൻസ്പെക്ടർ ജിനുമോൻ തച്ചേത്ത് , എ.എസ്.ഐ മാരായ സുനിൽകുമാർ ടി.ബി., ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സിപിഒമാരായ വി.യു.സിൽജോ, ഷിയാസ് പി എം,റെജി എ. യു. ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു.
പിടിയിലായ അനുരാജിനെ വൈദ്യ പരിശോധനകളും അനുബന്ധ നടപടികളും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.