ഇരിങ്ങാലക്കുട നഗരസഭ 18, 19 വാർഡുകളിലെ കള്ള് ഷാപ്പ് വിഷയം; കെട്ടിടങ്ങൾ വാണിജ്യാവശത്തിന് ക്രമവൽക്കരിച്ച് നല്കാൻ നഗരസഭ യോഗത്തിൽ തീരുമാനം; നഗരസഭ അധികൃതർ കസ്റ്റഡിയിൽ വച്ച കെട്ടിടങ്ങളുടെ താക്കോലുകൾ തിരികെ നല്കാൻ കോടതി ഉത്തരവ്…

ഇരിങ്ങാലക്കുട നഗരസഭ 18, 19 വാർഡുകളിലെ കള്ള് ഷാപ്പ് വിഷയം; കെട്ടിടങ്ങൾ വാണിജ്യാവശത്തിന് ക്രമവൽക്കരിച്ച് നല്കാൻ നഗരസഭ യോഗത്തിൽ തീരുമാനം; നഗരസഭ അധികൃതർ കസ്റ്റഡിയിൽ വച്ച കെട്ടിടങ്ങളുടെ താക്കോലുകൾ തിരികെ നല്കാൻ കോടതി ഉത്തരവ്…

ഇരിങ്ങാലക്കുട: കാർഷിക ആവശ്യത്തിന് എന്ന പേരിൽ കെട്ടിടനിർമ്മാണ പെർമിറ്റുകൾ നേടിയതിന് ശേഷം കള്ള് ഷാപ്പുകൾ ആരംഭിച്ച കെട്ടിടങ്ങൾ വാണിജ്യാവശ്യത്തിന് ക്രമവൽക്കരണം നടത്തി കൊടുക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം.നഗരസഭയുടെ 18, 19 വാർഡുകളിൽ കഴിഞ്ഞ വർഷം ആരംഭിച്ച കള്ള് ഷാപ്പുകൾക്കെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഷാപ്പുകൾ താത്കാലികമായി അടച്ചിടാൻ നഗരസഭ സ്വീകരിച്ചിരുന്നു.രണ്ട് ഷാപ്പുകളുടെയും താക്കോലുകൾ ചെയർപേഴ്സൻ നേരിട്ടെത്തി കസ്റ്റഡിയിൽ എടുത്തിരുന്നു.ഇതിനെതിരെ കെട്ടിട ഉടമകളായ ബിജു ചുക്കരിയാൻ, ഷൈനി ഫ്രാൻസിസ് എന്നിവർ കോടതിയെ സമീപിക്കുകയും കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് കെട്ടിടങ്ങളും വാണിജ്യാവശ്യത്തിന് ക്രമവല്ക്കരിച്ച് നല്കാനും നഗരസഭയിൽ അപേക്ഷ നല്കിയിരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നതിനാൽ രണ്ട് കെട്ടിടങ്ങളും വാണിജ്യാവശ്യത്തിന് ക്രമവൽക്കരണം നടത്തി അനുമതി നൽകാവുന്നതാണെന്ന് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം നല്കിയ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു. നഗരസഭ അധികൃതർ പിടിച്ചെടുത്ത കെട്ടിടങ്ങളുടെ താക്കോലുകൾ തിരികെ നൽകാനും ഹൈക്കോടതി ഉത്തരവായതിൻ്റെ അടിസ്ഥാനത്തിൽ ഇവ തിരിച്ച് നല്കാനും യോഗം തീരുമാനിച്ചു.ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഷാപ്പുകൾ ആരംഭിക്കുന്നതിന് എതിരെയുള്ള കൗൺസിലിൻ്റെ വികാരം കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വരാനും പ്രാദേശിക സർക്കാറിനെ അവഗണിച്ച് ഷാപ്പുകൾ അനുവദിച്ചതിനെതിരെ എക്സൈസ് വിഭാഗത്തിന് പരാതി നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം വിഷയത്തിൽ വേണ്ടത്ര ജാഗ്രതയോടെ ഇടപെടുന്നതിൽ നഗരസഭക്ക് വീഴ്ച വന്നതായി എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ കുറ്റപ്പെടുത്തി. ഷാപ്പുകൾ ആരംഭിക്കുന്ന വിവരം പൊതുമരാമത്ത് കമ്മിറ്റി അറിഞ്ഞില്ല എന്നത് വീഴ്ചയാണെന്നും ഇക്കാര്യത്തിൽ നിയമപരമായ എല്ലാ സാധ്യതകളും തേടിയിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും കെ ആർ വിജയ പറഞ്ഞു. എല്ലാ കേസുകളിലും നഗരസഭയുടെ സ്റ്റാൻ്റിംഗ് കൗൺസിൽ പരാജയം എറ്റ് വാങ്ങുകയാണെന്ന് ബൈപ്പാസ്സ് വിഷയം ചൂണ്ടിക്കാട്ടി സി സി ഷിബിൻ കുറ്റപ്പെടുത്തി.സ്റ്റാൻ്റിംഗ് കൗൺസിലിനെ മാറ്റണമെന്ന് തങ്ങൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും എല്ലാ കേസുകളുടെയും വിവരങ്ങൾ കൗൺസിലിൻ്റെ മുമ്പാകെ വരണമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും പറഞ്ഞു. ഷാപ്പിൽ അഞ്ച് ചെത്ത് തൊഴിലാളികൾ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ലെന്നും ഇത് സംബന്ധിച്ച് എക്സൈസ് വകുപ്പിന് കത്ത് നല്കണമെന്നും ബിജെപി അംഗം ടി കെ ഷാജു പറഞ്ഞു.ജനവികാരത്തിന് വിരുദ്ധമായി ഷാപ്പുകൾ ആരംഭിക്കുന്നതിലെ ആശങ്കകൾ വാർഡ് കൗൺസില ഫെനി എബിൻ വെള്ളാനിക്കാരൻ പങ്ക് വച്ചു.
ഓംബുഡ്സ്മാന് പൊറത്തിശ്ശേരി വില്ലേജിൽ പെരുമ്പിള്ളി വീട്ടിൽ ശോശന്നം നല്കിയ പരാതിയെ തുടർന്ന് നേടിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ
അത്തിക്കാവിൽ വീട്ടിൽ സുലത അനധികൃതമായി നിർമ്മിച്ച ശൗചാലയം പൊളിച്ച് നീക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
വൈസ് – ചെയർമാൻ ടി വി ചാർലി, പി ടി ജോർജ്‌,ജെയ്സൻ പാറേക്കാടൻ, അൽഫോൺസ തോമസ്, അഡ്വ ജിഷ ജോബി, സുജ സഞ്ജീവ്കുമാർ, എം ആർ ഷാജു തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

Please follow and like us: