സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കുനേടി ഇരിങ്ങാലക്കുട സ്വദേശി അഖില്‍ വി. മേനോന്‍….
ഇരിങ്ങാലക്കുട: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്കുനേടി ഇരിങ്ങാലക്കുട സ്വദേശി അഖില്‍ വി. മേനോന്‍. പ്രവാസിയായിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര മണ്ണാത്തിക്കുളം റോഡില്‍ ഗോവിന്ദ് നിവാസില്‍ വിപിന്‍ മേനോന്റെയും ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപിക ബിന്ദുവിന്റെയും മകനാണ്. ഒന്നാം ക്ലാസു മുതല്‍ പ്ലസ്ടു വരെ നടവരമ്പ് ഭാരതീയ വിദ്യാഭവന്‍സിലും തുടര്‍ന്ന് കൊച്ചിയിലെ ദേശീയ നിയമ സര്‍വകലാശാല (നുവാസ്) യില്‍ നിന്നും നിയമബിരുദം നേടിയ ശേഷം തിരുവനന്തപുരം ഫോര്‍ച്യൂന്‍ അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുവാനുള്ള പരിശീലനത്തിനായി ചേരുകയായിരുന്നു. തുടര്‍ന്ന് അതേ സ്ഥാപനത്തില്‍ മെൻ്റർ ആയി പ്രവര്‍ത്തിച്ചു. 2021 ല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയിരുന്നു. കൊച്ചി സര്‍വകലാശാലയില്‍ നിന്നും നിയമ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരുന്ന അഖില്‍ കലോത്സവത്തില്‍ കലാപ്രതിഭയുമായിരുന്നു. ഹൈസ്‌കൂള്‍ പഠനം മുതല്‍ സിവില്‍ സര്‍വീസ് നേടണമെന്ന മോഹം അഖിലിനുണ്ടായിരുന്നു. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി. ഭാനുമതി ടീച്ചറുടെ മകളുടെ മകനാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ അശ്വതി സഹോദരിയാണ്.