വാതില്‍മാടം കോളനിയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളെ താത്കാലികമായി മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടിക്കൊരുങ്ങി ഇരിങ്ങാലക്കുട നഗരസഭ;കരാറുകാരനു ഫണ്ട് ലഭ്യമാക്കുന്നതില്‍ നഗരസഭാ എന്ജിനീയര്ക്കു വീഴചയുണ്ടായെന്ന ആക്ഷേപവുമായി കൗണ്‍സിലര്‍മാര്‍
ഇരിങ്ങാലക്കുട: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പൊറത്തിശേരി വാതില്‍മാടം കോളനിയില്‍ നാലു കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ചേനത്തുവീട്ടില്‍ കാളിക്കുട്ടി, അറക്കവീട്ടില്‍ സുഹറ, എലുങ്ങല്‍ കൗസല്യ, പേടിക്കാട്ടുപറമ്പില്‍ ഗിരീഷ് എന്നിവരുടെ കുടുംബങ്ങളാണ് അപകടഭീഷണി നേരിടുന്നത്. വീടിന്റെ ശോചനീയാവസ്ഥ പരിഗണിച്ചു ഗിരീഷിനു താത്കാലികമായി ജവഹര്‍ കോളനിയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ താമസസൗകര്യമൊരുക്കും. മറ്റു കുടുംബങ്ങള്‍ക്കു മാറിതാമസിക്കുവാന്‍ നോട്ടീസ് നല്‍കും. എല്ലാ വര്‍ഷവും മണ്ണിടിച്ചില്‍ പതിവായ ഇവിടെ ഇക്കഴിഞ്ഞ മെയ് 14, 15 എന്നീ തീയതികളിലുണ്ടായ വേനല്‍ മഴയിലും ശക്തമായ മണ്ണിടിച്ചിലുണ്ടായിരുന്നു. സുരക്ഷാഭിത്തി കെട്ടുന്നതിന് എംഎല്‍എ ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും ഈ തുക ചെലവഴിക്കാത്തതിനാല്‍ പാഴായിരിക്കുകയാണ്. സംരക്ഷണഭിത്തി കെട്ടുവാന്‍ ഈ കുടംബങ്ങള്‍ മാറി താമസിക്കാതിരുന്നതാണു സംരക്ഷണ ഭിത്തികെട്ടുവാന്‍ സാധ്യമാകാതിരുന്നത്. അപകടഭീഷണി നേരിടുന്ന മൂന്നു കുടുംബങ്ങള്‍ക്കു റവന്യു വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും വീടും സ്ഥലവും വാങ്ങുന്നതിനായി 10 ലക്ഷം രൂപ വീതം പാസായിട്ടുണ്ടെങ്കിലും ഇവര്‍ ഇതുവരെയും സ്ഥലവും വീടും കണ്ടെത്തി തഹസില്‍ദാരെ അറിയിച്ചിട്ടില്ല. നഗരസഞ്ചയ പ്രവര്‍ത്തികളുടെ ഭാഗമായി നഗരസഭ കെട്ടിടത്തിലെ ശുചിമുറി നവീകരണ പ്രവര്‍ത്തി ചെയ്തതില്‍ കരാറുക്കാരനു ഫണ്ട് കൈമാറുന്നതില്‍ കാലതാമസം നേരിട്ടത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നു കൗണ്‍സിലര്‍മാർ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കരാറുകാരൻ പണി വൈകിപ്പിച്ചതാണു ബില്‍ വൈകുവാന്‍ കാരണമായതെന്ന് സെക്രട്ടറി വിശദീകരിച്ചു. 2017 ല്‍ നടന്ന കെഎല്‍ 45- ഫെസ്റ്റ് എന്ന സാംസ്കാരിക പരിപാടിയുമായി ബന്ധപ്പെട്ടു മൈതാനം കേടുവരുന്നതുമടക്കം 1,35,000 രൂപ സംഘാടകരില്‍ നിന്നും ഈടാക്കുവാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ നിന്നും ഇളവു നല്കുവാന് യോഗം തീരുമാനിച്ചു. ഡെപ്പോസിറ്റായി ഒരു ലക്ഷം രൂപ നഗരസഭയില്‍ കെട്ടിവെച്ചിട്ടുള്ളതാണ്. ഈ തുക ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം നഗരസഭാ ഫണ്ടിലേക്കു മാറ്റിയിട്ടുള്ളതാണ്. എന്നാല്‍ ബാക്കി നല്‍കാനുള്ള 35,000 രൂപ ഒഴിവാക്കി കൊടുക്കുവാനും റവന്യു റിക്കവറികളില്‍ നിന്നും സംഘാടക സമിതി കണ്‍വീനര്‍ ജിത ബിനോയിയെ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായി. ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ചുറ്റും സംരക്ഷണഭിത്തി കെട്ടുന്നതിന്റെ ഭാഗമായി അതിര്‍ത്തി നിര്‍ണയം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. വയോമിത്രം ക്യാമ്പുകള്‍ നഗരസഭയുടെ പൊതുയിടങ്ങളില്‍ നടത്തുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. കെ.ആര്. വിജയ, സി.സി. ഷിബിന്‍, എം.ആര്. ഷാജു, സന്തോഷ് ബോബന്, ടി.കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു.