കൂടൽമാണിക്യ ഉൽസവം; ശീവേലിക്ക് ഭക്തജന പ്രവാഹം; പള്ളിവേട്ട എഴുന്നള്ളത്ത് നാളെ…
ഇരിങ്ങാലക്കുട: മഴ മാറി നിന്നതോടെ വലിയ വിളക്ക് ദിവസത്തെ ശീവേലിക്ക് ഭക്തജന പ്രവാഹം.ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് സംഗമേശ സന്നിധിയിലെ സംഗമോൽസവം.എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാൻ്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിന് ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിൻ്റെ പതി കാലത്തിന് കിഴക്കേ നടപ്പുരയിൽ കേളി കൊട്ടുയരുന്നത്.നൂറോളം കലാകാരൻമാരാണ് പഞ്ചാരിമേളത്തിൽ അണിനിരക്കുന്നത്. ഒന്നര മണിക്കൂർ കൊണ്ട് പഞ്ചാരിയുടെ പതികാലം കിഴക്കേ നടപ്പുരയിൽ നാദപ്രളയം തീർക്കും. തുടർന്ന് അഞ്ചാം കാലം പടിഞ്ഞാറെ നടപ്പുരയിൽ കൊട്ടി തീർക്കും. രൂപകം കൊട്ടി കുലീപിനി തീർത്ഥകരയിൽ ചെമ്പട ഉതിർത്ത് കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തുന്നതോടെ മൂന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന മേളം സമാപിക്കും. വെള്ളിയാഴ്ച രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറേമക്കാവ് കാശിനാഥൻ ശിരസ്സിലേറ്റി. പാമ്പാടി സുന്ദരനും പാറന്നൂർ നന്ദനും ഇടത്തും വലത്തും നിലയുറപ്പിച്ചു.പത്മശ്രീ പെരുവനം കുട്ടൻമാരാർ മേള പ്രമാണിയായി.
ക്ഷേത്രോൽസത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട എഴുന്നള്ളത്ത് ശനിയാഴ്ച രാത്രി 8.15 ന് നടക്കും.ക്ഷേത്രഗോപുരം വിട്ട് ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും. കിഴക്കേ ആൽത്തറയ്ക്കലാണ് പള്ളിവേട്ട നടക്കുന്നത്.