മഴക്കെടുതിയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് കലക്ടർ സന്ദർശിച്ചു;ബണ്ട് റോഡിലും മുടിച്ചിറയിലും പൂർണ്ണമായ നവീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു..
ഇരിങ്ങാലക്കുട:മഴക്കെടുതിയിൽ തകർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കൽ ബണ്ട് റോഡ് മന്ത്രി ആർ.ബിന്ദുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കലക്ടർ ഹരിത വി.കുമാർ സന്ദർശിച്ചു. സ്ഥലത്തെ നാശ നഷ്ടങ്ങൾ വിലയിരുത്തി.മൂർക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡ് ആണ് ഭാഗികമായി തകർന്നു ഗതാഗത യോഗ്യമല്ലതായി മാറിയത്. മുൻ പ്രളയത്തിലും റോഡിന് തകർച്ച സംഭവിച്ചിരുന്നു. കനത്ത മഴയിൽ നഷ്ടങ്ങൾ നേരിട്ട ഇല്ലിക്കൽ ബണ്ട് റോഡിൻ്റെയും മുരിയാട് പഞ്ചായത്തിലെ മുടിച്ചിറയുടെ വിഷയത്തിലും ഇടപെടാനാണ് മന്ത്രി കളക്ടർക്ക് നിർദ്ദേശം നല്കിയത്.പൊതു പരിപാടിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് പുറത്തായതിനാൽ ,ഓൺലൈനിൽ ജില്ലാ കളക്ടറുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. പൂർണ്ണമായ നവീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്നും എത് സാഹചര്യത്തെയും നേരിടാനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.