കനത്ത മഴ; മുരിയാട് പഞ്ചായത്തിൽ മുടിച്ചിറ വീണ്ടും ഇടിഞ്ഞു;കരുവന്നൂർ -കാറളം സൗത്ത് ബണ്ട് റോഡും ഇടിഞ്ഞു; ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ പകൽ ശീവേലി ഒഴിവാക്കി..

കനത്ത മഴ; മുരിയാട് പഞ്ചായത്തിൽ മുടിച്ചിറ വീണ്ടും ഇടിഞ്ഞു;കരുവന്നൂർ -കാറളം സൗത്ത് ബണ്ട് റോഡും ഇടിഞ്ഞു; ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ പകൽ ശീവേലി ഒഴിവാക്കി..

ഇരിങ്ങാലക്കുട: കനത്ത മഴയിൽ മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ വീണ്ടും ഇടിഞ്ഞു. ലക്ഷങ്ങൾ ചിലവഴിച്ചുള്ള മുടിച്ചിറ നവീകരണ പ്രവ്യത്തികൾ എൺപത് ശതമാനവും പൂർത്തീകരിച്ച ഘട്ടത്തിലാണ് ചിറയുടെ തെക്ക് ഭാഗത്ത് വീണ്ടും കഴിഞ്ഞ് ഇടിഞ്ഞത്.സമീപത്തെ റോഡിനും വിള്ളൽ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 12,13,14 വാർഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എംഎൽഎ ഫണ്ടിൽ നിന്നുള്ള 35 ലക്ഷവും ജലസേചന വകുപ്പിൻ്റെ നഗരസഞ്ചയിക ഫണ്ടിൽ നിന്നുള്ള 39 ലക്ഷവും ഉപയോഗിച്ച് നവീകരണ പ്രവ്യത്തികൾ ആരംഭിച്ചത്. പണികൾ പുരോഗമിക്കുന്നതിനിടയിൽ കഴിഞ്ഞ കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലും ചിറയും അനുബന്ധ റോഡും ഇടിയുകയായിരുന്നു. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് 15 ലക്ഷം കൂടി അനുവദിച്ചതിന് ശേഷമാണ് പണികൾ പുനരാരംഭിച്ചത്.ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്. സംഭവം അറിഞ്ഞതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി, ഭരണ സമിതി അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു.നിർമ്മാണത്തിൽ അപാകത ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ഇതു വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും അധികൃതർ സൂചിപ്പിച്ചു.അതേ സമയം നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചിറ വീണ്ടും ഇടിയാൻ കാരണമെന്നും ഇത് സംബന്ധിച്ച് നേരത്തെ തങ്ങൾ പരാതി നല്കിയിരുന്നതാണെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഉത്തരവാദികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ സമരങ്ങളും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ അഖിലാഷ് വിശ്വനാഥൻ, കെ കെ അനീഷ് എന്നിവർ പ്രസംഗിച്ചു.

തുടർച്ചായ മഴയിൽ കരുവന്നൂർ പുഴയിൽ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപമുള്ള ബണ്ട് റോഡും ഇടിഞ്ഞു.കഴിഞ്ഞ വർഷം കെട്ടിയ താത്കാലിക തടയണയും റോഡിൻ്റെ ഒരു വശവും ഇടിഞ്ഞിട്ടുണ്ട്.

തുടർച്ചയായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളത്തിലായിട്ടുണ്ട്.നഗരസഭയിൽ 18, 19 വാർഡുകളിലെ റോഡുകൾ വെള്ളക്കെട്ടിലാണ്.ഇവിടെയുള്ള ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

മഴയെ തുടർന്ന് നടപ്പുരയിലും ക്ഷേത്രപറമ്പിലും വെള്ളം നിറഞ്ഞ സാഹചര്യത്തിൽ പകൽ ശീവേലി ഒഴിവാക്കി.പ്രദക്ഷിണം ആനയില്ലാതെ ചടങ്ങുകൾ മാത്രമായി നടത്തി അവസാനിപ്പിക്കുകയായിരുന്നു.

Please follow and like us: