സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പ്രധാനം; മന്ത്രി വീണാ ജോർജ്
ചാലക്കുടി: സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി സംസ്ഥാനത്ത് നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് ആരോഗ്യ- വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കൊരട്ടിയിൽ എസ് ഒ എസ് മോഡൽ ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിജീവിതർക്ക് പുനരധിവാസം ഉറപ്പാക്കുന്നതിന് വേണ്ടി നിർഭയ പദ്ധതിയുടെ കീഴിൽ 21 സ്ഥാപനങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. സർവോതൻമുഖമായ വികസനവും ക്ഷേമവുമാണ് പ്രധാനം. ഇതിനായുള്ള നടപടികൾ സർക്കാർ നടത്തും. പ്രായമനുസരിച്ച് കുട്ടികൾക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. സാക്ഷരതയിലും ലോക അവബോധത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിലെ പൊതു സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ് ഓരോ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 18 വയസ് കഴിഞ്ഞ പെൺകുട്ടികൾക്കുള്ള ആഫ്റ്റർ ഹോം കെയർ തിരുവനന്തപുരത്തും എറണാകുളത്തും ഉടൻ ആരംഭിക്കും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം നടത്തുന്നവരെ ശക്തമായി നേരിടുമെന്നും ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലക്കൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, വനിതാ- ശിശു വികസന വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ എസ് സുലക്ഷണ, ജില്ലാ വനിതാ- ശിശു വികസന ഓഫീസർ പി മീര, നിർഭയസെൽ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ശ്രീല മേനോൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.