നിർമ്മാണോദ്ഘാടനം നടന്നിട്ട് ദിവസങ്ങൾ മാത്രം; ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ കെട്ടിട നിർമ്മാണം നിലച്ചു..
ഇരിങ്ങാലക്കുട: നിർമ്മാണോദ്ഘാടനം നടത്തി ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പേ പൊതു വിദ്യാലയത്തിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു.കിഫ്ബിയിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂളിനായി നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിനാണ് ഈ ഗതികേട്.നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ജനുവരിയിൽ തന്നെ ആരംഭിച്ചെങ്കിലും, ഈ മാസം 16 നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ നഗരസഭ അധികൃതരുടെയും സാന്നിധ്യത്തിൽ നിർമ്മാണോദ്ഘാടന ചടങ്ങ് നടന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ നാല്പത് ശതമാനത്തോളം പൂർത്തിയായ ഘട്ടത്തിൽ അടിത്തറ ശക്തിപ്പെടുത്താനുള്ള മണ്ണിൻ്റെ ക്ഷാമമാണ് തടസ്സമായി മാറിയിരിക്കുന്നത്. കിലയുടെ ടെണ്ടറിൽ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കാലടി സ്വദേശിയായ ബോസ് തോമസാണ് കരാർ എടുത്തിട്ടുള്ളത്.മുകളിൽ നാലും താഴെ മൂന്നും ക്ലാസ്സ് മുറികളും ടോയലറ്റ് ബ്ലോക്കുമടക്കം 4065 ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. എന്നാൽ നഗരസഭ തയ്യാറാക്കി, കില അംഗീകരിച്ച എസ്റ്റിമേറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണ്ണ് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കരാറുകാരൻ പറയുന്നു. വിഷയം നേരത്തെ തന്നെ കിലയുടെയും നഗരസഭ അധികൃതരുടെയും ശ്രദ്ധയിൽ രേഖാമൂലം കൊണ്ട് വന്നിരുന്നതായും മറുപടി ലഭിച്ചില്ലെന്നും കരാറുകാരൻ വ്യക്തമാക്കുന്നു. 150 ലോഡ് മണ്ണെങ്കിലും വേണ്ടി വരുമെന്നാണ് കരാറുകാരൻ പറയുന്നത്. അതേ സമയം വിഷയം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും നിർമ്മാണത്തിന് ആവശ്യമായ മണ്ണ് എത്തിച്ച് നല്കാൻ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ പറയുന്നുണ്ട്. ഒൻപത് മാസത്തെ നിർമ്മാണ കാലാവധി കണക്കാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.