ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യം ഉടൻ കൈവരിക്കും: മന്ത്രി ഡോ ആർ ബിന്ദു; നിപ്മറിൽ സമർപ്പിച്ചത് 3.25 കോടി രൂപയുടെ പദ്ധതികൾ..
ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയർ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി മേഖലയിൽ രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനം ഒരു വർഷത്തിനുള്ളിൽ മുഴുവൻ ഭിന്നശേഷിക്കാർക്കും യു ഡി ഐ ഡി ‘ കാർഡ് വിതരണം ചെയ്യുമെന്നും അവർ പറഞ്ഞു. അസിസ്റ്റീവ് വില്ലേജുകൾ മുഴുവൻ ജില്ലകളിലും ആരംഭിക്കുമെന്ന വാഗ്ദാനം ഉടൻ പ്രാവർത്തിക്കമാക്കുമെന്നും അവർ. നിപ്മറിൽ അരംഭിച്ച വിവിധ ഗവേഷണ കേന്ദ്രങ്ങളും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സെറിബ്രല്‍ പാള്‍സി റിസര്‍ച്ച് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ഡാന്‍സ് ആന്‍ഡ് മ്യൂസിക് തിയെറ്റര്‍, എംപവർ ത്രൂ വൊക്കേഷനലൈസേഷൻ പദ്ധതി, കോൺഫറൻസ് ഹാൾ, സൗരോർജ പാർക്ക് എന്നിവയാണ് നാടിന് സമർപ്പിച്ചത്. 3.25കോടിയുടെ പദ്ധതികൾ ആണ് സമയബന്ധിതമായി പൂർത്തീകരിച്ചത്. സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയായ കിരണങ്ങള്‍-2022 എന്ന പേരിലാണ് സമര്‍പ്പണ ചടങ്ങ് സംഘടിപ്പിച്ചത് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ അസ്ഗര്‍ഷാ, പഞ്ചായത്ത് അംഗം മേരി ഐസക് എന്നിവര്‍ സംബന്ധിച്ചു. കെഎസ്എസ്എം എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. ചിത്ര.എസ് ഐഎഎസ് സ്വാഗതവും നിപ്മര്‍ എക്സിക്യുട്ടീവ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു.