കൊടുങ്ങല്ലൂർ ബസ്സ്റ്റാൻഡിൽ യാത്രാബസ്സിൽ നിന്നും മാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി ഡ്രൈവറും കണ്ടക്ടറും പോലീസിന്റെ പിടിയിൽ..
കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബസ് സ്റ്റാന്റിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ബസിൽ നടത്തിയ പരിശോധനക്കിടെയാണ് ഡ്രൈവറായ
മേത്തല പുളിക്കൽ ശ്രീരാജ് (27),കണ്ടക്ടറായ മേത്തല പെരിങ്ങാട്ടിൽ ജിതിൻ (28)എന്നിവരെ
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സി ഐ ബ്രിജ്കുമാർ, എസ് ഐ സൂരജ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, ഉദ്യോഗസ്ഥരായ ആനന്ദ് ദാസ്, സി ആർ പ്രദീപ്, ഷൈൻ. ടി ആർ, ബിജുജോസ്, ലിജു ഇയ്യാനി, മിഥുൻ.R.കൃഷ്ണ, അരുൺ നാഥ്, നിഷാന്ത് എ ബി, റഹ്മാൻ, ഹോം ഗാർഡ് പ്രദീപ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.അതിമാരക മായക്കുമരുന്നായ എംഡി എംഎ
ബസ് സർവീസ് നടത്തുന്നതിനിടയിൽബസ് ജീവനക്കാർ ഉപയോഗിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്നു കഴിഞ്ഞ ഒരാഴ്ചയായി പോലീസ് ബസ് സ്റ്റാൻഡിൽ , സർവീസിനിടയിൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ബസുകളിലെ ജീവനക്കാരെ രഹസ്യമായി പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
കൊടുങ്ങല്ലൂർ – എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന രോഹിണി കണ്ണൻ എന്ന ബസിലാണ് പ്രതികൾ ജോലിയെടുക്കുന്നത്.അതിമാരക മായക്കുമരുന്നായ എംഡിഎംഎ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ ക്ഷീണം അനുഭവപെടില്ല എന്ന തോന്നൽ കൊണ്ടാണ് ബസ് ജീവനക്കാർ ഇത് ഉപയോഗിക്കുന്നത്. ഇനിയും ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചു സർവിസ് നടത്തുന്ന ബസുകളിലെ ജീവനക്കാരെ കണ്ടെത്താൻ പോലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും,
പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.