കാറളം വെള്ളാനിയിൽ വൈദ്യുതി ടവര്‍ വീണ് അസ്സാം സ്വദേശിയായ കരാര്‍ തൊഴിലാളി മരിച്ചു; ഒരാളുടെ നില ഗുരുതരം

കാറളം വെള്ളാനിയിൽ വൈദ്യുതി ടവര്‍ വീണ് അസ്സാം സ്വദേശിയായ കരാര്‍ തൊഴിലാളി മരിച്ചു; ഒരാളുടെ നില ഗുരുതരം


ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വൈദ്യുതി ടവര്‍ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കാറളം വെള്ളാനി കല്ലട വീട്ടില്‍
പറമ്പിലെ ഉപയോഗശൂന്യമായ ടവര്‍ അഴിച്ചുമാറ്റുന്നതിനിടയിലാണ് അപകടം. അസാം രഥപൂര്‍ സ്വദേശി ഇസാക്ക് കുജൂര്‍ (25) ആണ് മരിച്ചത്. കരാര്‍ ജീവനക്കാരായ നാലുപേര്‍ ടവര്‍ അഴിമാറ്റുവാന്‍ എത്തിയെങ്കിലും അസാം സ്വദേശികളായ ഇസാക്കും ജോസഫും മാത്രമാണ് ടവറിനു മുകളില്‍ കയറിയത്. ടവര്‍ ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ടവറിനടിയില്‍ കുടുങ്ങിയ ഇരുവരെയും നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇസാക്ക് മരണപ്പെടുകയായിരുന്നു. ജോസഫിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കാട്ടൂര്‍ പോലീസും ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു. ടവറിന്റെ തൂണുകളുടെ അടിവശം കാലപ്പഴക്കത്താല്‍ തുരുമ്പെടുത്ത നിലയിലായിരുന്നു. മാടക്കത്തറയില്‍ നിന്നും വെള്ളാനി പവര്‍ ഹൗസിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്ന ലൈനായിരുന്നു ഈ ടവറിലുണ്ടായിരുന്നത്. 60 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നുണ്ട്. അഞ്ചു വര്‍ഷം മുമ്പ് 110 കെവി ആക്കിയപ്പോള്‍ സമീപത്ത് മറ്റൊരു ടവര്‍ സ്ഥാപിച്ച് അതിലൂടെയാണ് വൈദ്യുതി പ്രവഹിപ്പിച്ചിരുന്നത്. അതോടെ ഈ ടവര്‍ ഉപയോഗശൂന്യമാവുകയായിരുന്നു. ഉപയോഗശൂന്യമായവ അഴിച്ചുമാറ്റുവാന്‍ കെഎസ്ഇബി കരാര്‍ നല്‍കുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Please follow and like us: