കായികരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിനായി 1200 കോടി ചിലവഴിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ; അടുത്ത അധ്യയന വർഷം മുതൽ സ്പോർട്സ് പാഠ്യപദ്ധതിയുടെ ഭാഗമെന്നും പ്രഖ്യാപനം; കായികരംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യമെന്നും മന്ത്രി…
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1200 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചിരിക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. പ്ലാൻ ഫണ്ടിൽ നിന്നുള്ള 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ഇടക്കാലത്ത് പുറകോട്ട് പോയ കായിക മേഖലയുടെ ക്ഷീണം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച സിന്തറ്റിക് കോർട്ടിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പ്രൈമറി തലം മുതൽ സർവകലാശാലതലം വരെയുള്ള അഞ്ച് ലക്ഷം കുട്ടികൾക്ക് കായികപരിശീലനം നല്കാനുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നല്കാനുള്ള പദ്ധതിക്ക് ഫിഫയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട് അടുത്ത അധ്യയന വർഷം മുതൽ സ്പോർട്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 50 ഓപ്പൺ ജിമ്മുകളും മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങളും ആരംഭിക്കും. പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.കായിക രംഗത്തെ സ്വകാര്യ നിക്ഷേപത്തിൻ്റെ പ്രാധാന്യവും സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.പല കായിക സ്റ്റേഡിയങ്ങളും അറ്റകുറ്റപ്പണികൾ ഇല്ലാത്ത അവസ്ഥയിലാണ്. കായിക രംഗത്ത് 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം സംസ്ഥാനത്ത് വന്നിട്ടുണ്ട്. ആസ്ട്രേലിയ, നെതർലാൻ്റ്സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ കായിക മേഖലയുടെ വളർച്ചയ്ക്കായി ഇടപെടലുകൾ നടത്താൻ തയ്യാറായി വന്നിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.കോളേജിൽ ആരംഭിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.പൊതുകളിക്കളങ്ങളിൽ പെൺകുട്ടികളുടെ സാന്നിധ്യം കുറഞ്ഞ് വരികയാണെന്ന് മന്ത്രി പറഞ്ഞു. അഡ്വഞ്ചർ പാർക്കിൻ്റെ ഉദ്ഘാടനം മന്ത്രിമാർ സംയുക്തമായി നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ആശ തെരേസ് അധ്യക്ഷയായിരുന്നു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി കുര്യാക്കോസ്, കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, കോളേജ് വൈസ് – പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് ജോഫി മാത്യു, ഫെഡറൽ ബാങ്ക് സിഎസ്ആർ ഹെഡ് (റിട്ട) തമ്പി ജോർജ് സൈമൺ എന്നിവർ സംസാരിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ സ്വാഗതവും ജനറൽ ക്യാപ്റ്റൻ കെ എം നന്ദന നന്ദിയും പറഞ്ഞു.