വാർദ്ധക്യ സഹജമായ അവശതയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് സംരക്ഷണ മുറപ്പാക്കി മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയും സാമൂഹ്യ നീതി വകുപ്പും..

വാർദ്ധക്യ സഹജമായ അവശതയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് സംരക്ഷണ മുറപ്പാക്കി മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയും സാമൂഹ്യ നീതി വകുപ്പും..


ഇരിങ്ങാലക്കുട:വാർദ്ധക്യ സഹജമായ അവശതയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയും സാമൂഹ്യനീതി വകുപ്പും ചേർന്ന് സംരക്ഷണമുറപ്പാക്കി. ഇരിങ്ങാലക്കുട ഡിവിഷൻ 41 ൽ പൊറത്തിശ്ശേരി വില്ലേജിൽ വയോധികയായ പാറപ്പുറത്ത് വീട്ടിൽ അമ്മിണി (76 ) എന്നിവർ ഭക്ഷണം, ചികിത്സ എന്നിവ ലഭിക്കാതെ അനാരോഗ്യത്താൽ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞു വരുന്നതായി വാർഡ് കൗൺസിലറായ മായ അജയൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിനെ അറിയിക്കുകയായിരുന്നു. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും മുൻനിർത്തി പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യുണൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.

 

വിധവയും വയോധികയുമായ അമ്മിണിയുടെ ഏകമകനായ രവി കഴിഞ്ഞ ഒരു വർഷക്കാലമായി കുടുംബ തർക്കങ്ങൾ മൂലം മാറിത്താമസിക്കുകയാണ്. 3 വർഷം മുൻപ് പ്രമേഹം ബാധിച്ച് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അമ്മിണിയുടെ ജീവിതം.അയൽവാസികളും സുമനസ്സുകളും ആയിരുന്നു ഭക്ഷണം എത്തിച്ചു നൽകിയിരുന്നത്. വയോധികയുടെ ഈ ദുരവസ്ഥ അറിഞ്ഞ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ. എം.എച്ച്.ഹരീഷ് മെയിന്റനൻസ് ട്രൈബ്യുണൽ ടെക്‌നിക്കൽ അസിസ്റ്റൻറ് മാർഷൽ.സി.രാധാകൃഷ്ണനോട് വയോധികയുടെ നിലവിലെ ജീവിതസാഹചര്യം അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശം നൽകി.

ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്‌നിക്കൽ അസിസ്റ്റൻറ് മാർഷൽ.സി.രാധാകൃഷ്ണൻ, പൊറത്തിശ്ശേരി വില്ലേജ് ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനാരോഗ്യവും, നിസ്സഹായാവസ്ഥയിലും ഏറെ ബുദ്ധിമുട്ടുന്ന അമ്മിണിയെ താല്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിൽ എത്തുകയും ഇരിങ്ങാലക്കുട ശാന്തി സദനം ഓൾഡ് ഏജ് ഹോമിലേക്ക് പ്രവേശിപ്പിക്കാൻ ഇരിങ്ങാലക്കുട മെയിന്റനനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ. എം.എച്ച്.ഹരീഷ് ഉത്തരവ് നൽകുകയായിരുന്നു.

അമ്മിണിയുടെ വീട്ടിൽ ഇരിങ്ങാലക്കുട ആർ.ഡി.ഓ, എം.എച്ച്.ഹരീഷ് , മെയിന്റനൻസ് ട്രൈബ്യുണൽ ടെക്‌നിക്കൽ അസിസ്റ്റൻറ് മാർഷൽ.സി.രാധാകൃഷ്ണൻ, സെക്ഷൻ ക്ലാർക്ക് കസ്തുർബായ്.ഐ.ആർ , സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ് എന്നിവരടങ്ങുന്ന സംഘം നേരിട്ട് ഗൃഹസന്ദർശനം നടത്തുകയും മകൻ രവിയെ നേരിൽ വിളിപ്പിച്ച് കാര്യങ്ങൾ ആരായുകയും ചെയ്തിട്ടുണ്ട്.-ഓൾഡ് ഏജ്ഹോം സുപ്പീരിയർ സിസ്റ്റർ സ്മിത മരിയ,കറസ്‌പോണ്ടന്റ് സിസ്റ്റർ മെർലിൻ ജോസ് എന്നിവർ ആർ. ഡി. ഓ. നിർദ്ദേശ നടപടികൾ പൂർത്തീകരിച്ച് അമ്മിണിയെ സ്ഥാപനത്തിൽ സ്വീകരിച്ച് സംരക്ഷണം ഏറ്റെടുത്തു.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമം 2007 പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട മെയിന്റനനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ. എം.എച്ച്.ഹരീഷ് പറഞ്ഞു.

Please follow and like us: