മതത്തിൻ്റെ പേരിൽ ഒഴിവാക്കപ്പെട്ട കലാകാരിക്ക് സംഗമേശൻ്റെ മണ്ണിൽ തന്നെ വേദിയൊരുക്കി ഡിവൈഎഫ്ഐ ; ആശയ പ്രചരണത്തിലൂടെ മാറ്റം സാധ്യമാക്കണമെന്ന് മന്ത്രി ആർ ബിന്ദു; കലയ്ക്ക് മതമില്ലാത്ത കാലത്തിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് മൻസിയ…

മതത്തിൻ്റെ പേരിൽ ഒഴിവാക്കപ്പെട്ട കലാകാരിക്ക് സംഗമേശൻ്റെ മണ്ണിൽ തന്നെ വേദിയൊരുക്കി ഡിവൈഎഫ്ഐ ; ആശയ പ്രചരണത്തിലൂടെ മാറ്റം സാധ്യമാക്കണമെന്ന് മന്ത്രി ആർ ബിന്ദു; കലയ്ക്ക് മതമില്ലാത്ത കാലത്തിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് മൻസിയ…

ഇരിങ്ങാലക്കുട: മതത്തിൻ്റെ പേരിൽ സംഗമേശ സന്നിധിയിൽ നൃത്താവതരണത്തിന് അനുമതി നിഷേധിക്കപ്പെട്ട കലാകാരിക്ക് സംഗമേശൻ്റെ മണ്ണിൽ തന്നെ നൃത്താവതരണത്തിന് വേദിയൊരുക്കി ഡിവൈഎഫ്ഐ. ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവ പരിപാടികളിൽ ഇടം പിടിക്കുകയും പിന്നീട് മതത്തിൻ്റെ പേരിൽ കലാകാരിയായ മൻസിയ ഒഴിവാക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് രാഷ്ട്രീയ, സാംസ്കാരിക കേന്ദ്രങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നത്. ” പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ, കലയ്ക്ക് മതമില്ല” എന്ന പേരിലാണ് ഇരിങ്ങാലക്കുട ടൗൺ ഹാൾ മുറ്റത്ത് മൻസിയക്ക് വേദിയൊരുക്കിയത്.കലയ്ക്ക് മതമില്ലാത്ത കാലത്തിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്നതാണ് തൻ്റെ വിശ്വാസമെന്നും കലാകാരൻമാർക്ക് വേണ്ടി ജനാധിപത്യ മതേതര വേദികൾ കൂടുതൽ ഉയരട്ടെയെന്നും കോരിച്ചൊരിഞ്ഞ മഴയെയും അവഗണിച്ച് ടൗൺ ഹാൾ മുറ്റത്ത് എത്തിയ സദസ്സിനെ സാക്ഷിയാക്കിയുള്ള മൻസിയയുടെ വാക്കുകൾ നവോത്ഥാന കേരളത്തിന് കരുത്ത് പകരുന്നതായി.അപരൻ്റെ സ്വരം മധുരസംഗീതമായി മാറുന്ന കാലത്തിനായി കാതോർക്കാമെന്ന കലാകാരിയുടെ വാക്കുകൾ സദസ്സ് ആവേശത്തോടെ എറ്റുവാങ്ങി. എട്ട് മണിയോടെ വേദിയിൽ എത്തിയ മൻസിയയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആദരിച്ചു. തുടർന്ന് വേദിയിൽ ന്യത്താവതരണം നടന്നു.

പരിപാടിക്ക് മുൻപായി നടന്ന സാംസ്കാരിക സദസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആചാരങ്ങൾ സംരക്ഷിക്കാൻ കൂടൽമാണിക്യം ദേവസ്വം അധികാരികൾക്ക് ബാധ്യതയുണ്ട്. എന്നാൽ മാറ്റവും മുന്നേറ്റവും ആശയപ്രചരണത്തിലൂടെ സാധ്യമാക്കണമെന്നും സാമുദായിക കലാപങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും എല്ലാ കലാകാരൻമാർക്കും അവതരണങ്ങൾക്കായി ക്ഷേത്രഭൂമിയോട് ചേർന്ന് തന്നെ മതനിരപേക്ഷമായ ഒരിടം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷ് അധ്യക്ഷത വഹിച്ചു.കവി ഗോപീകൃഷ്ണൻ,എഴുത്തുകാരി രേണു രാമനാഥൻ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ പ്രസിഡണ്ട് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എൻ വി വൈശാഖൻ ,സംഘാടക സമിതി ചെയർമാൻ വി എ മനോജ്കുമാർ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി കെ മനുമോഹൻ, ബ്ലോക്ക് പ്രസിഡണ്ട് ഐ വി സജിത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി ബി അനൂപ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ നന്ദിയും പറഞ്ഞു.

Please follow and like us: