ആവേശം നിറച്ച് നാവികസേനയുടെ വെയ്ലർ പുള്ളിംഗും ഓഫ്‌ഷോർ സൈക്ലിംഗ് പര്യവേഷണവും

ആവേശം നിറച്ച് നാവികസേനയുടെ വെയ്ലർ പുള്ളിംഗും ഓഫ്‌ഷോർ സൈക്ലിംഗ് പര്യവേഷണവും

കൊടുങ്ങല്ലൂർ: കാണികൾക്ക് ആവേശമായി മുസിരിസ് കായലോരത്ത് എത്തിയ ഇന്ത്യൻ നാവികസേനയുടെ വഞ്ചി തുഴയലും സൈക്ലിംഗ് പര്യവേഷണവും സമാപിച്ചു. ഇന്ത്യൻ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേർന്ന് നടത്തിയ വെയ്ലർ പുള്ളിംഗും ഓഫ്‌ഷോർ സൈക്ലിംഗ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്. കൊച്ചി നേവൽ ബേസിൽ നിന്നാരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് അവസാനിച്ച പര്യവേഷണങ്ങൾ ഇന്ത്യൻ നാവികസേനയിലെ ആദ്യ പരിശീലന സ്ക്വാഡ്രണാണ് നയിച്ചത്.

115 പേരടങ്ങുന്ന സംഘമാണ്
തുഴച്ചിൽ, സൈക്ലിംഗ് എന്നിവയിൽ പങ്കെടുത്തത്. കൊച്ചി നാവിക ആസ്ഥാനത്ത് നിന്നും മുസിരിസിലേക്കുള്ള 20 നോട്ടിക്കൽ മൈൽ ദൂരമാണ് തുഴച്ചിൽ സംഘം നാല് വെയ്‌ലർ ബോട്ടുകളിലായി പിന്നിട്ടത്. കൊച്ചി നേവൽബേസ് മുതൽ വീരംപുഴ വരെയും വീരംപുഴ മുതൽ മുസിരിസ് കോട്ടപ്പുറം കായലോരം വരെ 40 പേരാണ് പുള്ളിംഗിൽ പങ്കെടുത്തത്. 75 പേരടങ്ങുന്ന സംഘം 75 കി.മീ ദൂരത്തിൽ സൈക്ലിംഗിലും പങ്കെടുത്തു. നേരത്തെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായും നാവികസേന മുസിരിസിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചിരുന്നു.

നാവികസേനയിൽ വർഷങ്ങളായി നടക്കുന്ന മത്സരമാണ് ബോട്ട് പുള്ളിങ് റിഗാറ്റ. ഇതിൽ ഉപയോഗിക്കുന്ന ബോട്ടുകളെ ‘വെയ്ലേഴ്സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. പണ്ട് കടലിൽ തിമിംഗിലങ്ങളെ പിടിച്ചിരുന്നത് ഈ ബോട്ടുകളിലാണ്. ഇതിൽനിന്നാണ് ബോട്ടിന് ‘വെയ്ലേഴ്സ്’ എന്ന പേരു വന്നത്.

കോട്ടപ്പുറം ആംഫി തീയറ്ററിൽ നടന്ന പരിപാടി അഡ്വ.വി ആർ സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. ‘തിർ’ കപ്പലിന്റെ കമാന്റിംഗ് ഓഫീസറും നാവികസേന ആദ്യ പരിശീലന സ്‌ക്വാഡ്രൺ സീനിയർ ഓഫീസറുമായ ക്യാപ്റ്റൻ അഫ്താബ് അഹമ്മദ് മുഖ്യാതിഥിയായി. ചടങ്ങിൽ എറിയാട് മലബാർ മർഹബ ടീം കലാകാരന്മാർ അവതരിപ്പിച്ച സൂഫി, അറബിക് ഡാൻസുകളും അരങ്ങേറി.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ജോണി വി എം, ടി എസ് സജീവൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് ശേഷം നേവൽ സംഘം മുസിരിസ് പൈതൃക പദ്ധതി പ്രദേശമായ കോട്ടപ്പുറം കോട്ടയിലേയ്ക്ക് സന്ദർശനവും നടത്തി.

Please follow and like us: