ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിൽ ഭരതനാട്യകലാകാരിക്ക് അവസരം നിഷേധിച്ചതിനെ ചൊല്ലി വിവാദം; അപേക്ഷയിൽ അഹിന്ദു എന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്നും വ്യക്തമായപ്പോൾ ഒഴിവാക്കുകയായിരുന്നുവെന്നും ദേവസ്വം ചെയർമാൻ്റെ വിശദീകരണം;പുരോഗമനപരമായ മാറ്റങ്ങൾ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഉള്ളതെന്നും ദേവസ്വം..
ഇരിങ്ങാലക്കുട: കൂത്തമ്പലത്തിലെ ജാതി വിലക്ക് വിവാദത്തെ തുടർന്ന് ശ്രീ കൂടൽമാണിക്യക്ഷേത്രോൽസവത്തിൽ കലാകാരിക്ക് ഭരതനാട്യ അവതരണത്തിന് അവസരം നിഷേധിച്ചതിനെ ചൊല്ലിയും വിവാദം. ഉൽസവത്തിൻ്റെ പ്രോഗ്രാം പുസ്തകത്തിൽ ആറാം ഉൽസവ ദിനമായ എപ്രിൽ 21 ന് വൈകീട്ട് 4 മുതൽ 5 വരെ തൻ്റെ പേരിലുള്ള ഭരതനാട്യം രേഖപ്പെടുത്തിയ ശേഷമാണ് ഒഴിവാക്കിയിരിക്കുന്നതെന്ന് കലാകാരിയായ മൻസിയ ശ്യാം കല്യാൺ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.അഹിന്ദു ആയതിൻ്റെ പേരിൽ ഒഴിവാക്കിയതായി ക്ഷേത്രം ഭാരവാഹികളിൽ ഒരാൾ അറിയിച്ചുവെന്നും വിവാഹത്തിന് ശേഷം മതം മാറിയില്ലേ എന്ന ചോദ്യവും ഉന്നയിച്ചുവെന്നും മതമില്ലാത്ത താൻ എങ്ങോട്ട് മാറാനാണെന്നും ഈ അനുഭവം ആദ്യമായിട്ടല്ലെന്നും ഫേസ് ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കൂടൽമാണിക്യ ക്ഷേത്രത്തിൽ എത് ചടങ്ങും ക്ഷേത്ര അനുഷ്ഠാനങ്ങൾക്ക് വിധേയമായി മാത്രമേ നടത്താറുള്ളുവെന്നും ഹിന്ദുക്കൾക്കായ വ്യക്തികൾക്ക് മാത്രമേ എത് ചടങ്ങിനും പ്രവേശനമുള്ളുവെന്നും ന്യത്ത, വാദ്യ, സംഗീത, കഥകളി കലാകാരൻമാർക്കും ഈ വ്യവസ്ഥ ബാധകമാണെന്നും മൻസിയയുടെ അപേക്ഷയിൽ അഹിന്ദു എന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്നും പിന്നീട് വ്യക്തമായപ്പോൾ ഒഴിവാക്കുകയായിരുന്നുവെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പത്രക്കുറിപ്പിൽ അറിയിച്ചു.പുരോഗമനപരമായ മാറ്റങ്ങൾ ക്ഷേത്രആചാരങ്ങളിൽ അധിഷ്ഠിതമായി ഉണ്ടാകുകയാണെങ്കിൽ സ്വാഗതം ചെയ്യാൻ ദേവസ്വം തയ്യാറാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.