സമാന്തര മദ്യ വിൽപന; 35 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ; പിടിയിലായത് അടിപിടി കേസിലെ പ്രതി..
കൊടകര: കൊടകര പന്തല്ലൂരിൽ അനധികൃതമായി വിദേശമദ്യം സംഭരിച്ച് വിൽപ്പന നടത്തിയ യുവാവിനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
പന്തല്ലൂർ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെ ഐ പി എസ്സിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി വൈ എസ് പിയുടെ കുറ്റാന്വേഷണ വിഭാഗവും കൊടകര പോലീസും ചേർന്നു നടത്തിയ ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പന്തല്ലൂർ കരിമ്പനക്കൽ വീട്ടിൽ വിജിലാഷ് (39 വയസ്സ്) എന്നയാളെ പിടികൂടിയത്.
വിജിലാഷിൽ നിന്ന് വിൽപ്പനയ്ക്കായി സംഭരിച്ച 35 ലീറ്റർ വിദേശമദ്യവും കണ്ടെടുത്തു. സ്കൂട്ടറിൽ സീറ്റിനടിയിലും, ചാക്കിലുമായി ഒളിപ്പിച്ച നിലയിൽ വിൽപനക്കെത്തിയപ്പോളാണ് വിജിലാഷ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് പോലീസ് അറിയിച്ചു . ദ്വിദിന പണിമുടക്കിനോടനുബന്ധിച്ച് ആവശ്യക്കാരിൽ നിന്ന് ഫോൺ മുഖാന്തിരം ഓർഡർ സ്വീകരിച്ച് എത്തിച്ചു നൽകുവാൻ സംഭരിച്ചതാണ് മദ്യ ശേഖരം.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, കൊടകര എസ്ഐ അനൂപ് പ്രത്യേകാന്വേഷണസംഘത്തിലെ എസ്ഐ ജിനുമോൻ തച്ചേത്ത്, എഎസ്ഐ മാരായ റെജിമോൻ , ജോബ് സി എ., സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സിപിഒമാരായ വി.യു. സിൽജോ, ഷാജു ചാതേലി, എ.യു. റെജി, ബിനു എം.ജെ. , ഷിജോ തോമസ്,എം എസ് . ബൈജു, എം പി ആന്റണി എന്നിവരടങ്ങിയ സംഘമാണ് മദ്യ ശേഖരം പിടികൂടിയത്.
ഇരുപത് വർഷം മുൻപ് നെല്ലായിയിൽ ഉണ്ടായ അടിപിടി കേസിൽ വിജിലാഷും പ്രതിയായിരുന്നു. പിടിയിലായ വിജിലാഷിനെ വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.