ചാലക്കുടിയിൽമാരക മയക്കുമരുന്നു വേട്ട;പിടികൂടിയത് മാരകമയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവും;കഞ്ചാവുമായി പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി…
ചാലക്കുടി: തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്ഗ്രേ ഐ പി എസിന്റെ നിർദ്ദേശപ്രകാരം വ്യാജ മദ്യത്തിന്റേയും- മയക്കുമരുന്നിന്റേയും നിർമ്മാണത്തിനും വിതരണത്തിനുമെതിരായി നടത്തുന്ന പ്രത്യേക പരിശോധനയിൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റേയും സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപിന്റേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നുമായി എണ്ണൂറ് ഗ്രാമോളം കഞ്ചാവും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയും പിടികൂടി.പിടികൂടിയ എംഡിഎംഎ മൂന്ന് ഗ്രാമോളം വരും.
കഞ്ചാവ് വിൽപനക്കായി കൊണ്ടു പോവുകയായിരുന്ന മേച്ചിറ കണ്ണംപടത്തി റോഡിൽ വാടകയ്ക്ക് താമസിച്ച് വരുന്ന ചെമ്പകശേരി വീട്ടിൽ സൂരജ് (30 വയസ്) ആണ് പിടിയിലായത്. ഏഴോളം ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയാണ് സൂരജ്.
ആവശ്യക്കാരെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ടാണ് പോലീസ് സൂരജിനെ സമീപിച്ചത്. ഇതിനെ തുടർന്ന് കഞ്ചാവ് നൽകാൻ പുറപ്പെട്ടതായിരുന്നു ഇയാൾ.
ചാലക്കുടി -വെള്ളിക്കുളങ്ങര റോഡിൽ താഴൂർ പള്ളിക്ക് സമീപം താമര കൃഷിക്ക് പാട്ടത്തിനെടുത്ത സ്ഥലത്തെ ഷെഡിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യും കഞ്ചാവും പിടിച്ചെടുത്തത്. ഇവിടെയുണ്ടായിരുന്ന യുവാവ് പോലീസ് സംഘം വരുന്നത് കണ്ട് ഓടി രക്ഷപെട്ടിരുന്നു. ഇയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിയാരം തൃപ്പാപ്പിള്ളി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ജെഫിൻ പാട്ടത്തിനെടുത്തതാണ് പ്രസ്തുത സ്ഥലം.
പോട്ട പനമ്പിള്ളി കോളേജ് പരിസരം. മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും മറ്റും വ്യാപകമായി മയക്കുമരുന്നും മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ആഴ്ചകളായി ഈ പ്രദേശങ്ങളിൽ നിഴൽ പോലീസ് ശക്തമായ നിരിക്ഷണം നടത്തിവരികയായിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശത്തെ മുഖ്യ വിൽപനക്കാരായ ഇവരെ പ്രത്യേകം നിരീക്ഷിച്ച് മയക്കുമരുന്ന് പിടികൂടിയത്.
ചാലക്കുടി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്. ജോബ് സി.എ., സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് ചാലക്കുടി സ്റ്റേഷനിലെ എസ്ഐ മാരായ സി.വി. ഡേവിസ്, ജോഫി ജോസ് , എഎസ്ഐ സുധീഷ്, സീനിയർ സിപിഒമാരായ ബൈജു ടി.ടി, ഷാജു കെ.ഒ, അഭിലാഷ് ടി.എ. രൂപേഷ് ടി.വി എന്നിവരാണ് ഉണ്ടായിരുന്നത്.
പിടിയിലായ സൂരജിനെ വൈദ്യപരിശോധനയും മറ്റും നടത്തി കോടതിയിൽ ഹാജരാക്കും.ഓടിപ്പോയ യുവാവിനെക്കുറിച്ചും മയക്കുമരുന്നുകളുടെ സ്രോതസുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.