ഇരിങ്ങാലക്കുട നഗരഹൃദയത്തിലെ വ്യാജമദ്യനിർമ്മാണ കേസ്; മൂന്നാം പ്രതിയായ എറിയാട് സ്വദേശി അറസ്റ്റിൽ; സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് മൂന്നാം പ്രതി; കൂടുതൽ പ്രതികൾ ഉണ്ടെന്ന നിഗമനത്തിൽ എക്സൈസ് അധികൃതർ…
ഇരിങ്ങാലക്കുട: പട്ടണ ഹ്യദയത്തിലെ രണ്ട് നില വീട്ടിൽ നടത്തിയ വ്യാജമദ്യ നിർമ്മാണ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ എറിയാട് കാട്ടാംകുളം ഇലന്തക്കൽ വീട്ടിൽ ജയേന്ദ്രൻ (49) നെയാണ് കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് സംഘത്തിൻ്റെ സഹായത്തോടെ ഇരിങ്ങാലക്കുട എക്സൈസ് സംഘം കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.ഇതോടെ വ്യാജമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.നേരത്തെ ഇരിങ്ങാലക്കുടയിൽ താമസിച്ചിരുന്ന മൂന്നാം പ്രതി ജയേന്ദ്രൻ ആറ് വർഷങ്ങൾക്ക് മുമ്പാണ് എറിയാട്ടേക്ക് താമസം മാറ്റിയത്.ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാൾ കോവിഡിനെ തുടർന്ന് സിനിമ മേഖലയിൽ അവസരങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ മറ്റ് വരുമാന മാർഗ്ഗങ്ങൾ തേടുകയായിരുന്നുവെന്നും വ്യാജമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ എല്ലാം നിയന്ത്രിച്ചിരുന്നത് മൂന്നാം പ്രതി ആയിരുന്നുവെന്നും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലേക്കാണ് വ്യാജമദ്യം എത്തിച്ചിരുന്നതെന്നാണ് എക്സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുള്ളത്. ആൽത്തറ വില്ലേജ് ഓഫീസ് റോഡിലെ വീടിലെ മുന്നിലെ പേ ആൻ്റ് പാർക്കിംഗ് സംവിധാനത്തിൻ്റെ മറവിൽ കഴിഞ്ഞ ഒന്നരമാസമായിട്ടാണ് ഇവർ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് നടത്തി വന്നിരുന്നത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിഗമനത്തിൽ തന്നെയാണ് എക്സൈസ് സംഘം. അറസ്റ്റിൽ ആയ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.