ഇരിങ്ങാലക്കുട ഠാണാ- ചന്തക്കുന്ന് വികസനം; സാമൂഹികാഘാതപഠനത്തിന് തുടക്കമായി; കരട് റിപ്പോർട്ട് പത്ത് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും; പദ്ധതിയോട് അനുകൂല പ്രതികരണങ്ങളെന്ന് വിവരശേഖരണ സംഘം…
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് വികസനം യാഥാർഥ്യമാക്കുന്നതിൻ്റെ മുന്നോടിയായുള്ള സാമൂഹികാഘാതപഠനത്തിന് തുടക്കമായി .സാമൂഹികാഘാത പഠനം നടത്താൻ സംസ്ഥാനത്ത് അക്രിഡിറ്റേഷൻ ഉള്ള ഇരുപത് എജൻസികളിൽ ഒന്നായ കണ്ണൂർ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ അസി.പ്രൊഫ. കെ വി സെബാസ്റ്റ്യൻ്റെ നേത്യത്വത്തിലുള്ള പതിനൊന്ന് പേർ അടങ്ങുന്ന വിദഗ്ധസംഘമാണ് പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.പദ്ധതി ബാധിതരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ചോദ്യാവലിയിലൂടെ ആദ്യഘട്ടത്തിൽ വിവരശേഖരണം പൂർത്തിയാക്കും. പദ്ധതിക്ക് ഭൂമി വിട്ട് കൊടുക്കാനുള്ള സന്നദ്ധതയും ഭൂമിയുടെ വിശദാംശങ്ങളും കുടുംബാംഗങ്ങളുടെ വരുമാന മാർഗ്ഗങ്ങളും ആരോഗ്യസ്ഥിതിയും അടക്കമുള്ള ചോദ്യങ്ങളാണ് വിവരശേഖരണത്തിനുള്ള ഫോറത്തിലുള്ളത്.പത്ത് ദിവസത്തിനുളളിൽ കരട് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർന്ന് അഞ്ച് ദിവസത്തിനുള്ളിൽ പൊതുജനാഭിപ്രായം തേടി കൊണ്ടുള്ള അദാലത്ത് നടത്തും. ചർച്ചകൾ കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് കളക്ടർക്ക് കൈമാറും.ആകെ 33 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ട പ്രതികരണങ്ങൾ അനുകൂലമായിരിന്നുവെന്ന് ഇരുപതോളം പേരിൽ നിന്ന് തേടിയ വിവരശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ കെ വി സെബാസ്റ്റ്യൻ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയയും പഠനസംഘത്തോടൊപ്പം ഉണ്ടായിരുന്നു.