ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തും ചേക്കേറുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായിട്ടുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ റൂസയുടെ ഫണ്ട് വിനിയോഗത്തിൽ കേരളം മുന്നിലെന്നും മന്ത്രി..
ഇരിങ്ങാലക്കുട : ഉന്നത പഠനത്തിനായി സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗിക്കാതെ വിദ്യാർഥികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തും ചേക്കേറുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.സെന്‍റ് ജോസഫ്സ് കോളേജിൽ റൂസ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള കെട്ടിടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോകോത്തരമായ സ്ഥാപനങ്ങൾ ഇവിടെ തന്നെ ഉണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസം വിദ്യാർഥി കേന്ദ്രീകൃതമാകണമെന്നതാണ് സർക്കാർ കാഴ്ചപ്പാട്. എന്നാൽ അധ്യാപക കേന്ദ്രീകൃതമായിട്ടാണ് ഉന്നത വിദ്യാഭ്യാസമേഖല തുടരുന്നത്. അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിൻ്റെ ഭാഗമായി തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഗവേഷണത്തിൽ തൽപ്പരരായ വിദ്യാർഥികൾക്ക് ഇതിനുള്ള സഹായം നല്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ റൂസയുടെ ഫണ്ട് വിനിയോഗത്തിൽ കേരളം മുന്നിലാണ്.568 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഇതിൻ്റെ ഭാഗമായി നടന്നു വരുന്നതെന്നും പറഞ്ഞു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആനിസ് കെ വി യുടെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, മാനേജർ സിസ്റ്റർ എൽസി കോക്കാട്ട്, അദ്ധ്യാപക പ്രതിനിധി ഡോ. ആശ തോമസ് എന്നിവർ ആശംസകൾ നേർന്നു.
കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി സ്വാഗതവും റൂസ കൺസ്ട്രക്ഷൻ കമ്മിറ്റി കോർഡിനേറ്റർ ജോസ് കുരിയാക്കോസ് നന്ദിയും പറഞ്ഞു.