കാറളത്ത് കോളേജ് വിദ്യാർഥിനിയുടെ മരണം; ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്..
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ കോളേജ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്.ഫെബ്രുവരി പത്തിന് ഉച്ചയോടെയാണ് കിഴുത്താണി മനപ്പടിയിൽ പെരുമ്പിള്ളി ജ്യോതിപ്രകാശിൻ്റെ മകൾ സാന്ത്വനയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ സമയത്ത് രണ്ട് ചെറുപ്പക്കാർ വീടിൻ്റെ പരിസരത്ത് ഉണ്ടായിരുന്നതായും ഇവരാണ് കുട്ടി കിണറ്റിൽ വീണ വിവരം കുട്ടിയുടെ അമ്മയെ ധരിപ്പിച്ചതെന്നും ഇത് കുടുംബത്തിനും പൊതു സമൂഹത്തിനും ആശങ്കകൾക്ക് ഇടവരുത്തിയിട്ടുണ്ടെന്നും മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐ കാറളം ലോക്കൽ സെക്രട്ടറി കെ എസ് ബൈജു പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
മരണത്തിലെ ദൂരൂഹത നീക്കണമെന്ന് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗവും ആവശ്യപ്പെട്ടു.സംഭവ സമയത്ത് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾ വിദ്യാർഥിനിയെ സന്ദർശിച്ചിരുന്നുവെന്നും തൊട്ട് പിന്നാലെയാണ് മരണം സംഭവിച്ചിട്ടുള്ളതെന്നും സുഹ്യത്തുക്കളുടെ പങ്കിനെ പ്പറ്റി അന്വേഷിക്കാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ശ്രീനാഥ് എടക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ഈ മാസം പത്തിനാണ് ഡിഗ്രി വിദ്യാർഥിനിയായ സാന്ത്വനയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ കളക്ടർക്കും ജില്ല പോലീസ് മേധാവിക്കും പരാതി നല്കിയിട്ടുണ്ട്.