അയൽവാസികളുടെ വഴക്ക് തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ
തൃശ്ശൂർ: അയൽ വീട്ടുകാരുടെ വഴക്കു തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിലായി. അരിമ്പൂരിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ വിലങ്ങന്നൂർ സ്വദേശി കുന്നത്തു വീട്ടിൽ സാഗർ 33 വയസ്, വെളുത്തൂർ തച്ചംമ്പിള്ളി കോളനി ചെറുപറമ്പിൽ സനിൽ 28 വയസ്സ് എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, അന്തിക്കാട് എസ്.ഐ. കെ.എച്ച് റെനീഷ് എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി ഒന്നാം പ്രതി സാഗർ ഇയാൾ താമസിക്കുന്ന അരിമ്പൂരിലെ ഫ്ലാറ്റിൽ മദ്യപിച്ചെത്തി സമീപ ഫ്ലാറ്റിലുള്ള സ്ത്രീകളെ അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുന്നതായി സ്റ്റേഷനിലേക്ക് അറിയിപ്പു വന്നത് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ് .എന്നാൽ പോലീസ് വാഹനം കണ്ടതോടെ ഇയാൾ വാഹനത്തിൽ അടിച്ച് ബഹളമുണ്ടാക്കുകയും പോലീസ് ഉദ്യോഗസ്ഥർക്കു നേരേ തിരിഞ്ഞ് അസഭ്യം പറഞ്ഞെത്തി അവരുമായി പിടിവലിയായി.
ഇയാളെ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെ ഉദ്ദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഇയാൾ വീടിനകത്ത് ഓടിക്കയറി വാതിലടച്ചു. ഇതേ തുടർന്ന് എസ്.ഐ. റെനീഷും സംഘവും പ്രതിയെ പിടികൂടാൻ സ്ഥലത്ത് എത്തി. ഇതോടെ ഒന്നാം പ്രതിയുടെ ഭാര്യാ സഹോദരൻ കൂടിയായ രണ്ടാം പ്രതി സനിലും ബൈക്കിൽ ഇവിടേക്കെത്തി. ഇരുവരും കൂടി പോലീസ് സംഘത്തെ ആക്രമിച്ചു. സാഗർ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വാതിൽ പാളികൾ ചേർത്തടച്ച് എസ്.ഐ.യുടെ കൈയ്യിലേയും കാലിലേയും വിരലുകൾക്ക് പരിക്കേൽപ്പിച്ചു. ബഹളത്തിനിടെ ഓടി രക്ഷപ്പെട്ട പ്രതികൾ പാടത്തും പറമ്പിലുമായി ഒളിച്ചിരിക്കുകയായിരുന്നു. പകൽ മുഴുവൻ പരിസരം അരിച്ചു പറുക്കിയ പോലീസ് സംഘം രാത്രിയോടെ സാഗറിനെ വെളുത്തൂർ ഷാപ്പിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടി. പോലീസ് സംഘത്തെ കണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ രണ്ടാം പ്രതി സനിലിനെ വെളുത്തൂർ ലക്ഷം വീട് കോളനിയിൽ നിന്നാണ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സിനിയൻ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, പി.വി.വികാസ് , അന്തിക്കാട് സ്റ്റേഷനിലെ എ.എസ്.ഐ അരുൺ കുമാർ , സീനിയർ സി.പി.ഒ ശ്രീജിത്ത്, സിജീഷ്, സുർജിത്,ആകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോവിഡ് മാനദണ്ഡമനുസരിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.