ചാലക്കുടിക്കടുത്ത് കൊടകരയിൽ സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പിടികൂടിയത് അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവ്

 

ചാലക്കുടിക്കടുത്ത് കൊടകരയിൽ സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട;

നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ;

പിടികൂടിയത് അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവ്

 

ചാലക്കുടി: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32 വയസ്), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33 വയസ്), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37 വയസ്)എന്നിവരാണ് KL 72 8224 നമ്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ കൊടകരയിൽ പോലീസിന്റെ പിടിയിലായത്. പിടിയിലായവരിൽ ഷാഹിൻ കൊള്ള സംഘത്തോടൊപ്പം ചേർന്ന് പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഒല്ലൂരിൽ വച്ച് പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപയോളം കവർച്ച ചെയ്ത കേസിൽ പ്രതിയാണ്.സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ. പി.എസ്, തൃശൂർ റേഞ്ച് ഡി ഐ ജി .എ. അക്ബർ ഐ.പി.എസ് എന്നിവരുടെ നിർദ്ദേശപ്രകാരം ലഹരി വസ്തുക്കൾക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് മിഷൻ DAD (Drive Against Drug) എന്ന പേരിൽ തൃശൂർ റേഞ്ച് കേന്ദ്രീകരിച്ച് പോലിസ് നടത്തി വരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ് ഗ്രെ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെയും കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലന്റെയും നേതൃത്വത്തിൽ പേരാമ്പ്ര കൊടകരയിൽ പുലർച്ചെ മുതൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. ആന്ധ്രയിലെ അനക്കാപ്പള്ളിയിൽ നിന്ന് ചരക്കുലോറിയിൽ പാക്കറ്റുകളാക്കി കടലാസ് പെട്ടികൾ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.

 

ചാലക്കുടി ഡിവൈഎസ്പി സി .ആർ . സന്തോഷ് , കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ,ക്രൈം സ്ക്വാഡ് അംഗങ്ങളായ , ജിനുമോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ സനൂപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണൽ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഫലമായാണ് കഞ്ചാവ് കടത്തു സംഘത്തിന്റെ വാഹനം കണ്ടെത്താനായത്.

 

ഹൈവേയിലൂടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ലോറി തടഞ്ഞു നിർത്തി പരിശോധിക്കാൻ കൊടകര സ്റ്റേഷനിലെ എസ് ഐ ജെയ്സൺ ജെ , അഡീഷണൽ എസ് ഐ ബാബു പി.കെ, റെജി മോൻ , സീനിയർസിപിഒമാരായ ബൈജു എം.എസ്, ലിജോൺ, ആന്റണി കെ.ടിഎന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു. ചാലക്കുടി തഹസീൽദാർ ഇ.എൻ രാജുവിന്റെ സാന്നിധ്യത്തിലാണ് ലോറി തടഞ്ഞ് ലോറിയുടെ പിൻഭാഗം തുറന്ന് പരിശോധന നടത്തിയത്.

 

 

ആറ് മാസത്തിനുള്ളിൽ ചാലക്കുടി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ എഴുനൂറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു.

 

ലോക് ഡൗൺ സാഹചര്യം മുതലെടുത്ത് ഉയർന്ന വിലക്ക് കഞ്ചാവ് വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിന്നായി ഇറങ്ങുന്നത്. ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾക്കെതിരെ കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.

Please follow and like us: