കൊടകരയിൽ ഇരുപത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ..
ത്യശൂർ: ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ തൃശൂർ റേഞ്ച് ഡി ഐ ജി എ അക്ബർ ഐപിഎസ് ആവിഷ്കരിച്ച മിഷൻ ഡി എഡി എന്ന പദ്ധതിയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ് ഗ്രേ ഐപിഎസ് ജില്ലയിൽ നടപ്പിലാക്കിയ പ്രത്യേക വാഹനപരിശോധന സ്കീം പ്രകാരം കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലനും സംഘവും ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിൽ ഇരുപത് ലക്ഷം രൂപ വിപണി വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായി പാലക്കാട് ഒറ്റപ്പാലം കുറുപ്പം വീട്ടിൽ അബ്ദുൾ റഹിമാന്റെ മകൻ റഷീദ് (35 വയസ്), കൊണ്ടാഴി മായന്നൂർ മൂത്തേടത്ത് വീട്ടിൽ വേലായുധന്റെ മകൻ വിജേഷ് (29 വയസ്) എന്നിവരെ പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി വസ്തുക്കൾ മൊത്തവിതരണം നടത്തുന്നവരാണ് പിടിയിലായവർ. വാഹന പരിശോധനാസമയത്ത് സംശയാസ്പദമായി കണ്ട KL 46 N 4711 ഇന്നോവ കാർ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ ചാക്കുകളിലാക്കി ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കൈകാണിച്ചതിനെ തുടർന്ന് അടിയന്തിരമായി എയർ പോർട്ടിൽ എത്തണമെന്ന് പറഞ്ഞ് പോകാൻ തിടുക്കം കാട്ടിയ ഇരുവരേയും തടഞ്ഞ് നിർത്തി വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
കൊടകര സബ് ഇൻസ്പെക്ടർ ജെയ്സൺ ജെ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു എം.എസ്, ഷാജു ചാതേലി, കെ.ടി ആന്റണി, അനീഷ് പി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ മനീഷ്, സ്മിത്ത് , സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ റിസൺ എന്നിവരും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.