ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളിപുരസ്കാരം പത്ത് കഥകളിവേഷകലാകാരന്മാർക്ക്

ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളിപുരസ്കാരം പത്ത് കഥകളിവേഷകലാകാരന്മാർക്ക്

 

ഇരിങ്ങാലക്കുട : പത്ത് മുതിർന്ന കഥകളി വേഷകലാകാരന്മാർക്ക് 2021ലെ ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം നല്കി ആദരിക്കുന്നു.

പ്രൊഫസർ എ. ജനാർദ്ദനൻ (കലാക്ഷേത്ര), ആര്‍.എല്‍.വി. ദാമോദരപ്പിഷാരടി, സദനം രാമൻകുട്ടി, ഫാക്റ്റ് പത്മനാഭൻ, കലാനിലയം ഗോപാലകൃഷ്ണൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, കാവുങ്കൽ ദിവാകരപ്പണിക്കർ, കല്ലുവഴി വാസു, കൊട്ടാരക്കര ഗംഗ
എന്നീ കലാകാരന്മാരാണ് പുരസ്കൃതരാകുന്നത്. 7,500 രൂപയും പ്രശസ്തിപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഡോക്ടർ കെ.എൻ. പിഷാരടിയുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരത്തിനുപുറമേ
ക്ലബ്ബിന്റെ മുൻഭാരവാഹികളായിരുന്ന യശഃശരീരരായ അഡ്വക്കേറ്റ് കെ.കെ. തമ്പാൻ, പ്രൊഫസര്‍ സി.പി. ഇളയത്, ഡോക്ടർ കെ.കെ.കുമാരൻ, എം.ആർ.വാരിയർ, കെ.ജി. പണിക്കർ, എം.കെ.നളിനന്‍, എന്‍. രാധാകൃഷ്ണന്‍, എം.എ. രാമൻ, പ്രൊഫസർ എം.കെ.ചന്ദ്രൻ എന്നിവരുടെ സ്മരണയ്ക്കായി അവരുടെ കുടുംബാംഗങ്ങളുമാണ് പുരസ്കാരങ്ങൾ സ്പോൺസർ ചെയ്യുന്നത്.

കഥകളിസ്ഥാപനങ്ങളിൽ പഠിക്കുന്ന മികവുതെളിയിച്ച വിദ്യാർത്ഥിക്ക് പ്രോത്സാഹനാര്‍ത്ഥം ക്ലബ്ബിന്റെ മുൻ സെക്രട്ടറി പി. ബാലകൃഷ്ണൻറെ സ്മാരകമായി ഏര്‍പ്പെടുത്തിയിട്ടുള്ള കഥകളി എൻഡോവ്മെന്റ് ഇത്തവണ ലഭിച്ചിരിക്കുന്നത് സദനം കഥകളി അക്കാദമിയിലെ ചെണ്ടവിഭാഗം നാലാംവര്‍ഷവിദ്യാർത്ഥിയായ കെ അശ്വിനാണ്.കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന ഒരവസരത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന വാർഷികാഘോഷവേളയില്‍ ദശപുരസ്ക്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് ക്ലബ്ബിന്റെ സെക്രട്ടറി രമേശൻ നമ്പീശൻ അറിയിച്ചു.

Please follow and like us: