മംഗല്യസൗഭാഗ്യ പദ്ധതിയുമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ് …
ഇരിങ്ങാലക്കുട: മംഗല്യ സൗഭാഗ്യ പദ്ധതിയുമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്.പദ്ധതിയുടെ ഭാഗമായി നിർധനരായ മൂന്ന് പെൺകുട്ടികൾക്ക് വിവാഹത്തിനാവശ്യമായ സ്വർണ്ണാഭരണങ്ങളും വിവാഹശേഷം വധൂവരൻമാർക്ക് ഒരു ദിവസം ചെറായിയിൽ താമസവും ഭക്ഷണവും ഉൾപ്പെടെ നല്കുമെന്ന് ക്ലബ് പ്രസിഡണ്ട് ഡോ ഡെയിൻ ആൻ്റണി, ഡിസ്ട്രിക്റ്റ് സെക്രട്ടറി പോൾ തോമസ് മാവേലി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കല്ലേറ്റുങ്കരയിലുള്ള ദിവ്യകാരുണ്യ ആശ്രമം അനാഥാലയത്തിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളുടെ വിവാഹമാണ് പദ്ധതി പ്രകാരം ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 7 ന് വൈകീട്ട് 5.30 ന് ലയൺസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജോർജ് മൊറേലി നിർവഹിക്കും. ആതുരസേവന മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂർ സേക്രട്ട് ഹാർട്ട് മിഷൻ ആശുപത്രിയിൽ ഈ വർഷം തന്നെ ബ്ലഡ് ബാങ്ക് സമർപ്പിക്കും. ക്ലബ് സെക്രട്ടറി ബിജു ജോസ് കൂനൻ, ട്രഷറർ ഡോ. ജോൺ പോൾ, ലയൺ ലേഡി പ്രസിഡൻ്റ് അന്ന ഡെയിൻ, സെക്രട്ടറി ഡോ. ശ്രുതി ബിജു, ട്രഷറർ സ്മിത ജോൺ, സീനിയർ അംഗങ്ങളായ തോമസ് കാളിയങ്കര, ജോസ് തെക്കേത്തല, ഡോ. കെ വി സിറിൾ, റോയി ആലുക്ക എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.